തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാദ്ധ്യത.
ഇക്കാര്യത്തില്‍ ഇന്ന് 2.45ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും.
പുതുവര്‍ഷം പ്രമാണിച്ച് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം ജനുവരി രണ്ടിന് പിന്‍വലിച്ചിരുന്നു. ഇത്തരത്തിലുളള നിയന്ത്രണങ്ങള്‍ ഇനിയുണ്ടായേക്കില്ല. എന്നാല്‍ പകല്‍ സമയം പൊതുഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നതിനും ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനും ആവശ്യമായ ഏതെങ്കിലും തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് സാദ്ധ്യതയെന്ന് സൂചനയുണ്ട്. പൊലീസ് പരിശോധനയും കടകളില്‍ ഉള്‍പ്പടെ തിരക്ക് കുറക്കാനുമാകും ഇന്നത്തെ യോഗത്തില്‍ തീരുമാനമെടുക്കുക.
രാത്രികാല നിരോധനം കൊണ്ടുവരണമെന്ന നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നിലുണ്ട്. എന്നാല്‍ വലിയ രോഗവ്യാപനമുളള സമയത്ത് സ്വീകരിച്ച വര്‍ക് ഫ്രം ഹോം പോലെ നടപടികള്‍ ഉണ്ടാകാന്‍ വഴിയില്ല. ഓണ്‍ലൈനായാണ് ഇന്നത്തെ യോഗം ചേരുന്നത്.
സംസ്ഥാനത്ത് ഇന്നലെ 2560 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 30 പേര്‍ രോഗം ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒമിക്രോണ്‍ ബാധിച്ചവരുടെയെണ്ണം 150 കടന്നിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം ഒമിക്രോണ്‍ രോഗികളുളള മൂന്നാമത് സംസ്ഥാനമാണ് കേരളം.