സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു; മടങ്ങുന്നു, വിജയചിരിച്ചിത്രങ്ങളുടെ ഉടയോന്‍

മലയാളത്തില്‍ ചിരിയുടെ കൂട്ടില്‍ ഹിറ്റു സിനിമകളുടെ വലിയ നിര തീര്‍ത്ത സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ദിഖ് (63) അന്തരിച്ചു.

കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നാളെ രാവിലെ 9 മണി മുതല്‍ 12 മണിവരെ ഇന്‍‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം.

പൊതുദര്‍ശനത്തിനുശേഷം വീട്ടിലേക്കു കൊണ്ടുപോകും. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ വൈകിട്ട് ആറുമണിക്ക് കബറടക്കം.

ഒരു മാസത്തോളം ആശുപത്രിയിലായിരുന്നെങ്കിലും മലയാള സിനിമാ ലോകത്തിന് അപ്രതീക്ഷിത ആഘാതമായി സിദ്ദിഖിന്റെ വേര്‍പാട്.

1989ല്‍ ‘റാംജിറാവ് സ്പീക്കിങ്ങി’ ലൂടെ സുഹൃത്തായ ലാലിനൊപ്പം സംവിധായകനായി അരങ്ങേറ്റം കുറിച്ചു. മലയാളം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി ചിത്രം.

ഫാസിലിന്റെ കളരിയില്‍ പയറ്റിത്തെളിഞ്ഞായിരുന്നു സ്വതന്ത്ര സംവിധായകനായുള്ള തുടക്കം. കഥാകൃത്തായും തിരക്കഥാകൃത്തായും നടനായും നിര്‍മാതാവായും മായാത്ത മുദ്രകള്‍ തീര്‍ത്താണ് പ്രിയസംവിധായകന്റെ മടക്കം.

ഇന്‍ ഹരിഹര്‍ നഗര്‍, വിയറ്റ്നാംകോളനി, ഗോഡ്ഫാദര്‍, ഹിറ്റ്ലര്‍, ക്രോണിക് ബാച്ചിലര്‍, ഫ്രണ്ട്സ്, ബോര്‍ഡി ഗാര്‍ഡ് തുടങ്ങി നിരവധി ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ചു.

സിദ്ദിഖ് ലാല്‍ ഹിറ്റ് കൂട്ടുകെട്ട് 1993ല്‍ ‘കാബൂളിവാല’ വരെ നീണ്ടു. സല്‍മാന്‍ ഖാനുമായി ഒന്നിച്ച ഹിന്ദി റിമേക്ക് സിനിമ ‘ബോഡിഗാര്‍ഡ്’ ശതകോടി ക്ലബിലെത്തി ചരിത്രം രചിച്ചു.

വിജയ്ക്കും മറ്റുമൊപ്പം തമിഴ്നാട്ടിലും ഹിറ്റുകളുടെ തോഴനായി സിദ്ദിഖ്. അവസാനചിത്രം മോഹന്‍ലാല്‍ നായകനായ ‘ബിഗ്ബ്രദര്‍’ ആയിരുന്നു.

മമ്മൂട്ടിയുമൊത്ത് പുതിയ സിനിമയുടെ ആലോചനാഘട്ടത്തിലിരിക്കെയാണ് അസുഖബാധിതനായത്.

എണ്‍പതുകളില്‍ ജനപ്രിയമായ മിമിക്സ് പരേഡിന്‍റെ ശില്‍പികളില്‍ പ്രധാനിയാണ് സിദ്ദീഖ്. അന്ന് ലാലിനും ടീമിനുമൊപ്പം ആയിരക്കണക്കിന് വേദികളില്‍ ചിരിയുടെ അമിട്ടുകള്‍ പൊട്ടിച്ചു ഇവര്‍.

ഒട്ടേറെ കലാകാരന്‍മാര്‍ക്ക് വഴികാട്ടിയും സ്നേഹിതനുമായിരുന്നു സിദ്ദിഖ്. മനോരമ ന്യൂസില്‍ ‘ആരാണീ മലയാളി’യുടെ അവതാരകനായി.

പരിപാടി വലിയ വിജയമായി.

മഴവില്‍ മനോരമയില്‍ ‘സിനിമ ചിരിമ’ അവതാരകനായി. ‘കോമഡി ഫെസ്റ്റിവലി’ല്‍ വിധികര്‍ത്താവുമായി.

Related posts

Leave a Comment