സംഭവം ഇന്ത്യയ്ക്ക് തന്നെ അപമാനം ; മണിപ്പൂരിലെ പെണ്‍മക്കളെ അപമാനിച്ച ഒരുത്തനേം വിടില്ല : 76 ദിവസത്തിന് ശേഷം പ്രധാനമന്ത്രിയുടെ പ്രതികരണം

ഇംഫാല്‍ : മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ച കാര്യത്തില്‍ ആര്‍ക്കും ഒരിക്കലും മാപ്പു കൊടുക്കില്ലെന്നും കുറ്റക്കാരെ വെറുതേ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി.

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഴുവന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. മണിപ്പൂരില്‍ മാസങ്ങള്‍ നീണ്ടു നിന്ന കൂകി മെയ്തി വിഭാഗക്കാര്‍ തമ്മില്‍ നടത്തിയ ആഭ്യന്തരകലാപത്തില്‍ നിശബ്ദനായിരുന്ന പ്രധാനമന്ത്രി ഇതാദ്യമായിട്ടാണ് പ്രതികരിച്ചത്.

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടത്. ഏതു സമൂഹത്തിലായാലും ഇത്തരം നടപടികള്‍ അപമാനകരമാണ്.

ഇത് ആരാണ് ചെയ്തതെന്നും ആരാണ് ഇതിന് ഉത്തരവാദികളെന്നതുമെല്ലാം മറ്റൊരു വിഷയമാണ്. പക്ഷേ ഈ കൃത്യം രാജ്യത്തിന് മുഴുവന്‍ നാണക്കേടാണ്.

എല്ലാ മുഖ്യമന്ത്രിമാരോടും ക്രമസമാധാന പാലനംകര്‍ക്കശമാക്കാന്‍ ആവശ്യപ്പെടുകയാണെന്നും മണിപ്പൂരായാലും രാജസ്ഥാനായാലും ഛത്തീസ്ഗഡ് ആയാലും സ്ത്രീകളെ ബഹുമാനിക്കുക എന്നത് രാഷ്ട്രീയത്തിനും മുകളിലാണ്.

അതേസമയം മണിപ്പൂരില്‍ രണ്ടുയുവതികളെ ഒരുകൂട്ടം ആള്‍ക്കാര്‍ പൊതുവഴിയിലൂടെ നഗ്നയാക്കി നഗരത്തിലൂടെ നടത്തിക്കുന്നതിന്റെയും ലൈംഗികസ്പര്‍ശം നടത്തുന്നതിന്റെയും വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി 76 ദിവസങ്ങള്‍ക്ക് ശേഷമാണ് വിവാദമായി മാറിയിരിക്കുന്നത്.

മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ടാണ് വീഡിയോയെന്നാണ് സൂചനകള്‍.

കേസിലെ പ്രധാനപ്രതി ഹെറാദാസ് എന്ന 32 കാരനെ തൗബാല്‍ ജില്ലയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. വൈറല്‍ വീഡിയോയില്‍ പച്ച ഷര്‍ട്ട് ധരിച്ച നിലയില്‍ കാണപ്പെടുന്നയാളാണ് ഹെറാദാസ്.

നേരത്തേ സംഭവം അന്വേഷണത്തിലാണെന്നും പ്രതികള്‍ക്കെതിരേ കനത്ത നടപടിയുണ്ടാകുമെന്നും ഇവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ പരിഗണിക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബീരന്‍ സിംഗ് പ്രതികരിച്ചിരുന്നു. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം പറയുന്നത്.

മെയ് 3 നായിരുന്നു മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. മെയ് ആദ്യമായിരുന്നു രണ്ടു സ്ത്രീകളെ നഗ്നയാക്കി പൊതുവഴിയിലൂടെ നടത്തിയത്.

മെയ്തി സമുദായത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പരിഗണിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ കൂകി, നാഗ വിഭാഗക്കാര്‍ ഇതിനെതിരേ നടത്തിയ പ്രതിഷേധമാണ് വര്‍ഗ്ഗീയ കലാപത്തിലേക്ക് മാറിയത്.

Related posts

Leave a Comment