സംഗീത ലോകത്തിന് തീരാനഷ്ടം : പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ചെന്നൈ : പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം(74) അന്തരിച്ചു. ചെന്നൈ എംജിഎം ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 01:04നു ആയിരുന്നു അന്ത്യം . കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ഭേദമായെങ്കിലും ഇന്നലെ മുതല്‍ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായി. യന്ത്രസഹായത്തിലാണ് ഹൃദയവും, ശ്വാസകോശവും പ്രവര്‍ത്തിച്ചിരുന്നത്. പ്രമേഹ സംബന്ധമായ പ്രശ്നങ്ങളും നില വഷളാകാന്‍ കാരണമായി.

ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം വീട്ടില്‍ ചികിത്സ തേടാമെന്ന് തീരുമാനിച്ചു ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ശാസ്​ത്രീയമായി സംഗീതം പേടിക്കാതെ ചലച്ചിത്ര ഗാന രംഗത്ത് ശക്തമായ സാന്നിധ്യമായി മാറിയ ഗായകനാണ് എസ് പി ബി. തമിഴ്​, തെലുങ്ക്​, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുമായി 40,000ല്‍ അധികം പാട്ടുപാടി റെക്കോര്‍ഡ് നേട്ടം കൈവരിച്ച അദ്ദേഹം മികച്ച ഗായകനുള്ള ദേശീയ പുരസ്​കാരം ആറു തവണ സ്വന്തമാക്കിയിട്ടുണ്ട്. കെ.ജെ. യേശുദാസിനുശേഷം ഈ അവാര്‍ഡ് ഏറ്റവുമധികം തവണ ലഭിച്ചത് അദ്ദേഹത്തിനാണ്‌. ഗായകന്‍ എന്നതിനുപുറമെ സംഗീത സംവിധായകനും അഭിനേതാവും ഡബ്ബിങ്​ ആര്‍ട്ടിസ്​റ്റുമായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 17 ഗാനങ്ങള്‍ പാടി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. 2001ല്‍ പത്‌മശ്രീയും, 2011ല്‍ പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.. ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ പിന്നണി ഗായകനെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്​സിലും ഇടംപിടിച്ചു. 1979 ല്‍ ‘ശങ്കരാഭരണം’ എന്ന ചിത്രത്തിലെ പ്രശസ്​തമായ ഗാനത്തിലൂടെ ആദ്യമായി മികച്ച ഗായകനുള്ള ദേശീയ പുരസ്​കാരം നേടി.

ആന്ധ്രയിലെ നെല്ലൂരിനടുത്തുള്ള കൊനൊട്ടമ്മപേട്ട ഗ്രാമത്തിലെ ബ്രാഹ്മണ കുടുംബത്തില്‍ 1946 ജൂണ്‍ നാലിനായിരുന്നു എസ്പിബിയുടെ ജനനം. പ്രമുഖ ഹരികഥാ കലാകാരനായിരുന്ന പിതാവ്​ വി. സാംബമൂര്‍ത്തിയായിരുന്നു ആദ്യഗുരു. പിതാവ് തന്നെയാണ് ഹാര്‍മോണിയവും ഓടക്കുഴലും വായിക്കാന്‍ പഠിപ്പിച്ചതും. മകന്‍ എന്‍ജിനീയറാകണമെന്ന പിതാവി​െന്‍റ ആഗ്രഹപ്രകാരം അനന്തപൂരിലെ ജെ.എന്‍.ടി.യു എന്‍ജിനീയറിങ്​ കോളജില്‍ ചേര്‍ന്നെങ്കിലും ടൈഫോയിഡ്​​​ പിടിപെട്ടതിനാല്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് ചെന്നൈയിലെ ഇന്‍സ്​റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനീയേഴ്​സില്‍ എസ്.പി.ബി പ്രവേശനം നേടി. അപ്പോഴും സംഗീത ലോകം തന്നെ ആയിരുന്നു എസ്.പിബിയുടെ മനസ്സില്‍ മദ്രാസ് കേന്ദ്രമാക്കി തെലുങ്ക് സാംസ്​കാരിക സംഘടന നടത്തിയ സംഗീത മത്സരത്തിലെ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടതോടെ ചലച്ചിത്രരംഗത്ത് അവസരങ്ങള്‍ തേടിയെത്തി.1966ല്‍ റിലീസ് ചെയ്​ത ‘ശ്രീ ശ്രീശ്രീ മര്യാദരാമണ്ണ’യാണ് എസ്.പി.ബി പാടിയ ആദ്യ ചിത്രം. അമ്മ ശകുന്തളാമ്മ കഴിഞ്ഞ വര്‍ഷമാണ്​ അന്തരിച്ചത്​. സാവിത്രിയാണ്​ ഭാര്യ. പിന്നണി ഗായകരായ പല്ലവി, എസ്​.പി.ബി ചരണ്‍ എന്നിവരാണ്​ മക്കള്‍. സഹോദരി എസ്​.പി. ശൈലജ ഗായികയാണ്​.

Related posts

Leave a Comment