ഷെയ്ന്‍ വോണ്‍ യാത്രയാകുന്നത് ഒരു ആഗ്രഹം ബാക്കിവച്ച്‌, അടുത്തിടെ നല്‍കിയ അഭിമുഖത്തിലും തന്റെ ഉള്ളിലിരിപ്പ് ഇതിഹാസ താരം മറച്ചു വച്ചില്ല

സിഡ്നി: തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം പൂര്‍ത്തിയാകാതെയാണ് വോണ്‍ യാത്രയാകുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ ആകാന്‍ വോണ്‍ വളരെയേറെ ആഗ്രഹിച്ചിരുന്നെന്ന് മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് നല്‍കിയ അഭിമുഖത്തില്‍ വോണ്‍ സൂചിപ്പിച്ചിരുന്നു.

ഇക്കഴിഞ്ഞ ആഷസ് ടെസ്റ്റ് സീരീസില്‍ ഓസ്ട്രേലിയയ്ക്കെതിരെ 4-0ന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് പരിശീലകനായ ക്രിസ് സില്‍വര്‍വുഡിനെ ഇംഗ്ളണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് തത്‌സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് സ്കൈ സ്പോര്‍ട്സിന്റെ പോഡ്‌കാസ്റ്റിലാണ് വോണ്‍ ഇംഗ്ളണ്ട് ടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയത്. ഇംഗ്ളണ്ട് പരിശീലകനായി തനിക്ക് വളരെ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും വോണ്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാലും മുന്‍ ഓസ്ട്രേലിയന്‍ താരവും പരിശീലകനുമായ ജസ്റ്റിന്‍ ലാംഗറിനെ പരിശീലകനാകാന്‍ ഇംഗ്ളണ്ടിന് താത്പര്യമുണ്ടെങ്കില്‍ അതും മികച്ച തീരുമാനമായിരിക്കുമെന്ന് വോണ്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഇംഗ്ളണ്ട് ടീമിന് നിലവില്‍ മികച്ച താരങ്ങളുണ്ടെങ്കിലും അടിസ്ഥാനകാര്യങ്ങളില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ അവരെ ലോകോത്തര താരങ്ങളാക്കി മാറ്റാമെന്നും വോണ്‍ പറഞ്ഞു. ഇംഗ്ളണ്ട് പരിശീലകനായി ഈ സമയത്ത് എത്തിയാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും തനിക്ക് അത്തരം വെല്ലുവിളികള്‍ ഇഷ്ടമാണെന്നും വോണ്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു.നിലവില്‍ മുന്‍ ഇംഗ്ളണ്ട് ക്യാപ്ടനയാ പോള്‍ കോളിംഗ്‌വുഡ് ഇംഗ്ളണ്ട് ടീമിന്റെ താത്കാലിക പരിശീലകനായി സ്ഥാനമേറ്റെടുത്തെങ്കിലും ഇതുവരെയായും ഒരു സ്ഥിരം പരിശീലകനെ കണ്ടെത്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് സാധിച്ചിട്ടില്ല.

Related posts

Leave a Comment