ഷിരൂര്‍ മണ്ണിടിച്ചില്‍: അര്‍ജുനായുള്ള ഇന്നത്തെ തിരച്ചില്‍ തുടങ്ങി; പുഴയില്‍ ഇന്ധന സാന്നിധ്യം

കാസർഗോഡ് | കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുന് വേണ്ടി ഇന്നത്തെ തിരച്ചില്‍ തുടങ്ങി.

ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് തിരച്ചില്‍ പുനഃരാരംഭിച്ചത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ അർജുൻ ഓടിച്ചിരുന്ന ലോറിയുടെത് എന്ന് കരുതുന്ന ജാക്കി കണ്ടെത്തിയിരുന്നു.

ഗംവാവലി പുഴയിലാണ് തിരച്ചില്‍ നടത്തുന്നത്. പുഴയില്‍ ഒരു ഭാഗത്ത് ഡീസലിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകള്‍ പറയുന്നു. ഈ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്ന് ആദ്യം തിരച്ചില്‍ നടത്തുക. മുങ്ങല്‍ വിദഗ്‌ദൻ ഈശ്വർ മാല്‍പെയാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. എസ് ഡി ആർ എഫ് സംഘവും സജീവമായുണ്ട്.

പുഴയില്‍ ഒഴുക്ക് കുറഞ്ഞതോടെയാണ് നേരത്ത നിർത്തിവെച്ച തിരച്ചില്‍ പുനരാരംഭിച്ചത്. ഈശ്വർ മാല്‍പെയുടെ നേതൃത്വത്തില്‍ ചായക്കട ഉണ്ടായിരുന്ന ഭാഗത്താണ്‌ ഇന്നലെ തിരച്ചില്‍ നടത്തിയത്. ഇവിടെ നിന്നാണ് ലോറിയുടെ വീല്‍ ജാക്കി കണ്ടെത്തിയത്‌. അർജുൻ ഓടിച്ച ലോറിയുടെ ജാക്കിയാണ്‌ ഇതെന്ന്‌ ഉടമ മനാഫ്‌ പറയുന്നു.

ജൂലായ് 16-ന് രാവിലെയാണ് കർണാടക-ഗോവ അതിർത്തിയിലൂടെ പോവുകയായിരുന്ന അർജുൻ (30) അപകടത്തില്‍പ്പെട്ടത്. പൻവേല്‍-കന്യാകുമാരി ദേശീയ പാതയിലെ ഷിരൂരില്‍ അർജുൻ ഓടിച്ചിരുന്ന ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. സംഭവം നടന്ന ശേഷം വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സൈന്യത്തിന്റെ നേതൃത്വത്തില്‍ കരയിലെ മണ്ണ് ഏറെക്കുറെ നീക്കിയെങ്കിലും ലോറിയോ അർജുനെയോ കണ്ടെത്താനായില്ല.

തുടർന്ന് മണ്ണിടിച്ചിലില്‍ ലോറി പുഴയിലേക്ക് മറിഞ്ഞിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ തിരച്ചില്‍ അവിടേക്ക് കേന്ദ്രീകരിച്ചു. എന്നാല്‍ ഗംഗാവലി പുഴയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ തിരച്ചില്‍ പൂർത്തീകരിക്കാനായില്ല. പ്രദേശത്ത് മഴക്ക് അല്‍പം ശമനം വരികയും ഗംഗാവലി പുഴയില്‍ അടിയൊഴുക്ക് കുറയുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത്.

Related posts

Leave a Comment