കോയമ്പത്തൂര്‍∙ മംഗളൂരു പ്രഷര്‍ കുക്കര്‍ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ മുഹമ്മദ് ഷാരിഖും സംഘവും സ്ഫോടനത്തിനു മുമ്പ് ശിവമോഗയിൽ ട്രയൽ നടത്തിയതായി കർണാടക പൊലീസ്.
വനമേഖലയിലാണ് പ്രഷർ കുക്കർ ബോംബിന്റെ ട്രയൽ നടത്തിയതെന്നും സിഎഎ, ഹിജാബ് പ്രതിഷേധങ്ങൾ ആളിക്കത്താൻ ഇവർ വിഡിയോകൾ നിർമിച്ച് പ്രചരിപ്പിച്ചെന്നും ഇതിന്റെ മുഖ്യ ആസൂത്രകൻ എന്ന് കരുതുന്നയാൾ ഇപ്പോൾ യുഎഇയിലേക്ക് കടന്നതായി വിവരം ലഭിച്ചെന്നും അന്വേഷണ സംഘം സൂചന നൽകി.
കോയമ്പത്തൂരിലും മംഗളൂരുവിലും ഹിന്ദുപേരുകളിലാണ് ഷാരിഖ് താമസിച്ചതെന്നും തിരിച്ചറിയാതിരിക്കാൻ താടി ഉപേക്ഷിച്ചെന്നും അന്വേഷണസംഘം കണ്ടെത്തി.
കർണാടക ആഭ്യന്തരമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഇതിനിടെ ഷാരിഖിന്റെ ബന്ധുവീടുകളിൽ അടക്കം 18 ഇടങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി.
മംഗളൂരുവിലും മൈസൂരുവിലുമുള്ള വീടുകളിലാണ് ഇന്നു പരിശോധന നടന്നത്. ശിവമോഗയിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ കണ്ടെത്തിയിരുന്നു.
ഷാരിഖ് സന്ദര്‍ശിച്ച തിരുച്ചിറപ്പള്ളി, മധുര, ചെന്നൈ എന്നിവിടങ്ങളിലെ ഇയാളുടെ സഹായികളെ കണ്ടെത്താനും ശ്രമം തുടങ്ങി.
കോയമ്പത്തൂരില്‍ ഷാരിഖിനു സിം കാര്‍ഡ് എടുത്തു നല്‍കിയ ഊട്ടിയിലെ സ്വകാര്യ സ്കൂള്‍ അധ്യാപകന്‍ സുരേന്ദ്രനെ തുടര്‍ച്ചയായ മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചിരുന്നു.
സ്ഫോടനത്തിൽ പരുക്കേറ്റ ഷാരിഖ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.