പാലക്കാട്: പാലക്കാട് കോണ്‍ഗ്രസില്‍ പോര്. ഷാഫി പറമ്ബിലിനെതിരെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി.ഗോപിനാഥ് സിപിഎം പിന്തുണയോടെ മല്‍സരിച്ചേക്കും. താന്‍ അടിയുറച്ച കോണ്‍ഗ്രസുകാരനാണ്. ഒരിക്കലും പാര്‍ട്ടി വിരുദ്ധനാകാനാകില്ല. പക്ഷേ പാര്‍ട്ടി എന്നെ ഉപേക്ഷിച്ചാല്‍ തനിക്ക് സ്വന്തം വഴി സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനമുണ്ടാകാനാണ് സാധ്യത. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് കാരണമെന്നാണ് വിലയിരുത്തുന്നത്. സംസാരിക്കാന്‍ കഴിവുള്ളരും ശേഷിയുള്ളവരും സംഘാടകരേയും പാര്‍ട്ടിയില്‍ പറ്റില്ല എന്ന നിലപാട് ചിലര്‍ സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന് താന്‍ നോക്കി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് എ വി ഗോപിനാഥ്. 25 വര്‍ഷം പെരിങ്ങോട്ടുകുറിശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം ആലത്തൂരില്‍ നിന്ന് എം എല്‍ എ ആയിട്ടുമുണ്ട്. ഷാഫി പറമ്ബിലിനെതിരെ മത്സരിക്കാന്‍ തന്നെ സി പി എം സമീപിച്ചു എന്ന പ്രചാരണം നിഷേധിച്ച അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യത്തിന് തന്നെ പാര്‍ട്ടി ഇതുവരെ അന്വേഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.