ശ്വാസം മുട്ടിച്ച വെപ്രാളത്തില്‍ കുട്ടി കട്ടിലില്‍ നിന്നു താഴെ വീണു; ഭയന്ന് വിറച്ച പ്രതി കുഞ്ഞ് കട്ടിലില്‍ നിന്ന് താഴെ വീണെന്ന് നാട്ടുകാരെ അറിയിച്ചു, തെളിവായത് കുട്ടിയുടെ കഴുത്തിലെ വിരല്‍പ്പാട്‌

പീരുമേട് : ഇടുക്കി പീരുമേട്ടില്‍ ഒന്നര വയസ്സുകാരനായ മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

കോട്ടയം അയര്‍ക്കുന്നം കുന്തംചാരിയില്‍ വീട്ടില്‍ ജോയിയുടെ ഭാര്യ റോളിമോളെയാണ് തൊടുപുഴ നാലാം അഡീഷനല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. 2018 ഏപ്രില്‍ 18ന് ഉപ്പുതറ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പീരുമേട് ടീ എസ്റ്റേറ്റിലെ ലയത്തില്‍ വച്ചായിരുന്നു സംഭവം.

കോട്ടയം സ്വദേശിയായ പ്രതിയും കുടുംബവും ബന്ധുവിന്റെ വീടുപണിയുമായി ബന്ധപ്പെട്ടാണു താമസത്തിനെത്തിയത്. പ്രതിക്ക് ഭിന്നശേഷിക്കാരനായ മറ്റൊരു മകന്‍ കൂടിയുണ്ട്. ഇളയ കുട്ടിയെ കൊന്ന ശേഷം മൂത്തമകനോടൊപ്പം ജീവനൊടുക്കാനാണ് പ്രതി തീരുമാനിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ ആരോപണം.

ശ്വാസം മുട്ടിച്ച വെപ്രാളത്തില്‍ കുട്ടി കട്ടിലില്‍ നിന്നു താഴെ വീണപ്പോള്‍ ഭയന്ന പ്രതി ഉടനെ നാട്ടുകാരെ വിളിച്ചു കൂട്ടി. കട്ടിലില്‍ നിന്നു വീണെന്നാണു എല്ലാവരോടും പറഞ്ഞത്. കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ഉടനെ എത്തിച്ചെങ്കിലും മരണപ്പെട്ടു.

കുട്ടിയുടെ കഴുത്തിലെ വിരല്‍പാട് കണ്ടു സംശയം തോന്നിയ ഡോക്ടറാണ് പൊലീസിനെ അറിയിച്ചത്. ഉപ്പുതറ ഇന്‍സ്പെക്ടറായിരുന്ന ഷിബുകുമാറാണ് അന്വേഷണം നടത്തി പ്രതിയെ മൂന്നാം ദിവസം അറസ്റ്റ് ചെയ്തത്. ഇതിനിടെ പ്രതി കിണറ്റില്‍ ചാടി ജീവനൊടുക്കാനുള്ള ശ്രമവും നടത്തിയിരുന്നു. . മൂത്ത കുട്ടിയുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

Related posts

Leave a Comment