കൊച്ചി : കൊറോണ ചികിത്സാ കേന്ദ്രമായ കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ കൂടുതല്‍ പരാതികളുമായി ചികിത്സയില്‍ ഇരിക്കേ മരിച്ചവരുടെ ബന്ധുക്കള്‍ രംഗത്ത്. മെഡിക്കല്‍ കോളേജില്‍ കൊറോണ ബാധിച്ച് മരിച്ച പള്ളുരുത്തി സ്വദേശി ഹാരിസ് മരിച്ചതിന് പിന്നില്‍ ജീവനക്കാരുടെ അനാസ്ഥയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ആലുവ സ്വദേശി ബൈഹക്കിയുടെ മരണത്തിന് കാരണവും ജീവനക്കാരുടെ വീഴ്ചയാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്.
കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബൈഹക്കിയെ വെന്റിലേറ്ററിലേക്ക് ഉടന്‍ മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും മൂന്ന് മണിക്കൂറിന് ശേഷമാണ് മാറ്റിയത്. ഇതിനെ തുടര്‍ന്നാണ് ബൈഹക്കി മരണം അടഞ്ഞതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആശുപത്രിയില്‍ മികച്ച പരിചരണം ലഭിച്ചില്ലെന്ന് ബൈഹക്കി പല തവണ ബന്ധുക്കള്‍ക്ക് വാട്‌സ് ആപ്പിലൂടെ സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യേക പരിചരണം ലഭിക്കണമെങ്കില്‍ 40,000 രൂപ നല്‍കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.
ഇത് കൂടാതെ ഡോ. നജ്മ സലിമിന്റെ വെളിപ്പെടുത്തലില്‍ പരാമര്‍ശിച്ച ജമീലയുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും ബന്ധുക്കള്‍ ഇന്ന് പരാതി നല്‍കും. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞികുന്ന ജമീലയ്ക്കും ബൈഹക്കിക്കും വെന്റിലേറ്റര്‍ ശരിയായി ഘടിപ്പിച്ചിരുന്നില്ലെന്നായിരുന്നു ഡോ. നജ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
ഐസിയുവിലെ പരിചരണം ലഭിക്കുന്നില്ലെന്ന് ജമീല വെളിപ്പെടുത്തിയിരുന്നെന്നും മകള്‍ ഹയറുന്നിസ അറിയിച്ചു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി അധികൃതരോട് അനുവാദം ചോദിച്ചെങ്കിലും സാമ്ബത്തികമായി തകര്‍ന്ന് പോകുമെന്നും എവിടെ ചെന്നാലും ഈ ചികിത്സയേ കിട്ടുവെന്നും പറഞ്ഞ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും ഹയറുന്നിസ പറഞ്ഞു.
അതേസമയം സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്റെ വാദം തള്ളി മരിച്ച ഹാരിസിന്റെ കുടുംബവും രംഗത്ത് വന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്ന് അനാസ്ഥ ഉണ്ടായോ എന്നാണ് അന്വേഷണം. ഇതിന്റെ ഭാഗമായി മരിച്ച ഹാരിസിന്റെ ബന്ധുക്കളുടെയും, മരണസമയത്ത് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. മരണസമയത്ത് ഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പേരുടെയും വിവരം പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.