ശ്രദ്ധയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും; സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.

എസ് പിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആയിരിക്കും കേസ് അന്വേഷിക്കുക എന്നും മന്ത്രി പറഞ്ഞു.

അതേസമയം ആരോപണ വിധേയര്‍ക്കെതിരെ ഇപ്പോള്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.

അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്ക് ശിക്ഷ നല്‍കും എന്നും ആര്‍ ബിന്ദു പറഞ്ഞു.

വിദ്യാര്‍ത്ഥി പ്രതിനിധികളും പി ടി എ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം ദിവസങ്ങളായി നടത്തി വന്ന സമരം അവസാനിപ്പിക്കുകയാണ് എന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

ഹോസ്റ്റലിലെ ചീഫ് വാര്‍ഡനായി പ്രവര്‍ത്തിക്കുന്ന മായ സിസ്റ്ററെ മാറ്റി നിര്‍ത്തണം എന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു.

പകരം മറ്റൊരു സിസ്റ്റര്‍ക്ക് താത്ക്കാലിക ചുമതല നല്‍കണം എന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഇക്കാര്യം ഇന്ന് കോളേജ് അധികൃതരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ബിഷപ്പുമായി സംസാരിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം എന്നാണ് മാനേജ്മെന്റിന്റെ മറുപടി.

ശ്രദ്ധ ജീവനൊടുക്കാന്‍ കാരണം അദ്ധ്യാപകരുടെ മാനസിക പീഡനമാണ് എന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശ്രദ്ധയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കോളേജ് അധികൃതര്‍ വീഴ്ച വരുത്തിയെന്ന് കുടുംബവും ആരോപിച്ചിരുന്നു.

രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ത്ഥിനിയും തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയുമായ ശ്രദ്ധ സതീഷിനെ വെള്ളിയാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

സുഹൃത്തുക്കള്‍ വിവരമറിയിച്ചത് പ്രകാരം കോളേജ് അധികൃതര്‍ എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശ്രദ്ധ തലകറങ്ങി വീണതാണ് എന്നാണ് കോളജ് അധികൃതര്‍ ഡോക്ടറോട് പറഞ്ഞത് എന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

ആത്മഹത്യാശ്രമമാണ് എന്ന് പറഞ്ഞിരുന്നെങ്കില്‍ അതിനനുസരിച്ചുള്ള ചികിത്സ ശ്രദ്ധക്ക് ലഭിക്കുമായിരുന്നു എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ശ്രദ്ധ വീട്ടില്‍ നിന്ന് കോളജിലെത്തിയത് ജൂണ്‍ ഒന്നിനാണ്.

പിറ്റേന്ന് രാവിലെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. അന്ന് ഉച്ചക്ക് എച്ച്ഒഡി ശ്രദ്ധയുടെ പിതാവിനെ വിളിച്ച് മകള്‍ ലാബിലിരുന്നു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്നും കോളേജിലേക്ക് വരണം എന്നും ആവശ്യപ്പെട്ടിരുന്നു.

ആ രാത്രിയാണ് ശ്രദ്ധ ആത്മഹത്യ ചെയ്യുന്നത്. ശ്രദ്ധയുടെ കുടുംബം സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍, മുഖ്യമന്ത്രി, ഡിജിപി കോട്ടയം ജില്ല പൊലീസ് മേധാവി എന്നിവര്‍ക്ക് ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുകയാണ്.

അതേസമയം ശ്രദ്ധയുടെ ആത്മഹത്യക്ക് പിന്നാലെ പ്രതിഷേധം ശക്തമായ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്.

 

Related posts

Leave a Comment