ന്യൂഡല്‍ഹി : ശീതളപാനീയം രസ്നയുടെ സ്ഥാപകന്‍ അറീസ് പിരോഷ്വാ ഖാംബാത്ത അന്തരിച്ചു. 85 വയസ്സുകാരനായ ഇന്ത്യന്‍ തദ്ദേശീയ ശീതളപാനീയ രംഗത്തെ അതികായന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണം. ഇന്ത്യന്‍ കുടുംബങ്ങളുടെ സ്വീകരണ മുറികളിലെ തനത് രുചിഭേദമൊരുക്കിയ പാനീയമായി രസ്നയുടെ മുഖമുദ്രയായിരുന്ന ‘ഐ ലവ് യൂ രസ്ന’ വിളികള്‍ ഇന്നും സ്വീകരണ മുറിയിലും ടെലിവിഷനിലും നിറയുന്നു.
അരനൂറ്റാണ്ടായിട്ടും ഇന്ത്യന്‍ വിപണിയില്‍ രസ്ന ഇന്നും നിറസാന്നിദ്ധ്യമാണ്. ഏതൊരു സാധാരണ വീട്ടിലും ഒരു പായ്ക്കറ്റ് രസ്ന പൊടിരൂപത്തില്‍ ലഭ്യമാക്കികൊണ്ടാണ് അറീസ് പിരോഷ്വാ ഖാംബാത്ത വിപ്ലവം സൃഷ്ടിച്ചത്.
ഓറഞ്ചിന്റെ തനത് സ്വാദുള്ള പൊടിയ്ക്കൊപ്പം ഒരു ചെറുചില്ലുകുപ്പിയില് അതിന്റെ എസെന്‍സുമായി രസ്ന ഇന്നും സ്വീകരണമുറികളിലെ ദാഹമകറ്റുന്ന തദ്ദേശീയ ഉല്‍പ്പന്നമാണ്.
5 രൂപയുടെ ചെറുപായ്ക്കറ്റ് 32 പേര്‍ക്കുള്ള മികച്ച പാനീയമാക്കുന്ന മാജിക് ഇന്ത്യന്‍ ജനത ഏറ്റെടുത്തു.
തന്റെ പിതാവ് ഫിറോജ ഖാംബാത്ത തുടങ്ങിവെച്ച ശീതളപാനീയ നിര്‍മ്മാണ ശാലയാണ് അറീസ് പിരോഷ്വാ കഠിന പരിശ്രമത്തിലൂടെ വിപുലമാക്കിയത്.
1970 കളിലെ ഇന്ത്യന്‍ വിപണിയില്‍ വലിയ വിലയുണ്ടായിരുന്ന ശീതളപാനീയങ്ങള്‍ക്ക് മികച്ച തദ്ദേശീയ ബദലായി രസ്ന മാറി. അറുപതു രാജ്യങ്ങളിലേയ്ക്കാണ് അറീസ് പിരോഷ്വാ രസ്നയെ എത്തിച്ചത്.
ഇന്ത്യയിലെ 180 ലക്ഷം കടകളില്‍ രസ്ന 1990കളില്‍ തന്നെ പിരോഷ്വാ ലഭ്യമാക്കി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 26 ഡിപ്പോകളിലൂടെ മികച്ച വിതരണ ശൃംഖല. 200 വന്‍കിട വിതരണക്കാരേയും 5000 ചെറുകിട വിതരണക്കാരേയും കോര്‍ത്തിണക്കിയ വിപണന വിജയം.
2008ല്‍ അന്താരാഷ്ട്ര തലത്തിലെ രുചിഭേദത്തിനുള്ള ബഹുമതിയും രസ്ന നേടി. രസ്നയുടെ നിലവിലെ സാരഥി അറീസ് പിരോഷ്വായുടെ മകന് പിറൂസ് ഖാംബാ ത്തയാണ്.
ഭാര്യയും രണ്ട് ആണ്മക്കളും ഒരു മകളും ആറ് ചെറുമക്കളുമടങ്ങുന്നതാണ് അറീസ് പിരോഷ്വായുടെ കുടുംബം.