കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയിലുള്ള പ്രതി എം. ശിവശങ്കറിന്റെ സ്വത്തിടപാടും ഇഡി അന്വേഷിക്കുന്നു. ശിവശങ്കറിന് ഇതര സംസ്ഥാനങ്ങളില്‍ വലിയ ഭൂസ്വത്തുള്‍പ്പെടെയുള്ളതായി ഏജന്‍സിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനോട് തലസ്ഥാനം വിട്ട് നാഗര്‍കോവിലിലോ മറ്റോ രഹസ്യമായി നില്‍ക്കാന്‍ ശിവശങ്കര്‍ സന്ദേശം അയച്ചിരുന്നു. ഇവിടെ ശിവശങ്കറിനും സ്വപ്‌നയ്ക്കും വേണുഗോപാലിനും അറിയാവുന്ന രഹസ്യ സ്വത്തുക്കള്‍ ഉണ്ടാവാമെന്ന് ഏജന്‍സി കരുതുന്നു. തമിഴ്‌നാട്ടിലാണ് ശിവശങ്കറിന്റെ ബിനാമി നിക്ഷേപങ്ങളെന്നാണ് സൂചനകള്‍. ശിവശങ്കര്‍ സ്വര്‍ണക്കടത്തില്‍ ഒരു ഉന്നതന് പങ്കുണ്ടെന്ന് വെളുപ്പെടുത്തിയതായി അറിയുന്നു. തന്റെ അനധികൃത ഇടപാടുകളില്‍ പങ്കാളികളായിരുന്ന മറ്റ് ചിലരെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെയും, സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി രാജശേഖരന്റെയും മൊഴി ഇഡി രേഖപ്പെടുത്തും.
ചോദ്യം ചെയ്യല്‍ നാല് ദിവസം പിന്നിട്ടപ്പോള്‍ കൂടുതല്‍ നിര്‍ണായക വിവരങ്ങളാണ് ഇഡിക്ക് ലഭിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരെ ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാന്‍ ഇ ഡി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.