തിരുവനന്തപുരം/കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചും നടന്നതായി സൂചന. സ്വപ്‌നയും സരിത്തും അടക്കമുള്ള പ്രതികള്‍ ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ നിത്യ സന്ദര്‍ശകരായിരുന്നുവെങ്കിലും ഗൂഢാേലാചനയില്‍ ശിവശങ്കറിന് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരിച്ചുവരികയാണ്.
ശിവശങ്കര്‍ താമസിച്ചിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ സ്വപ്‌നയുടെ ഭര്‍ത്താവ് ജയശങ്കര്‍ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നുവെന്ന സൂചനയുമുണ്ട്. ജൂണ്‍ അവസാനത്തോടെ ഒരു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നു. ഫ്‌ളാറ്റിന്റെ വാടക രജിസ്റ്റര്‍ കസ്റ്റഡിയില്‍ എടുത്ത കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്.
ശിവശങ്കറിനെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്യും. ഇതിനായി നോട്ടീസ് നല്‍കി കൊച്ചി കസ്റ്റംസ് കമ്മീഷണറുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തും. ശിവശങ്കറുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളില്‍ കസ്റ്റംസ് പരിശോധന നടത്തുകയാണ്. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്കിനെ കുറിച്ച് സ്വപ്‌നയോ സരിത്തോ സന്ദീപോ ആദ്യഘട്ടത്തില്‍ മൊഴി നല്‍കിയിട്ടില്ല. എന്നാല്‍ ഇവര്‍ മൂന്നു പേരുമായും ശിവശങ്കര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അന്വേഷണ സംഘത്തിന് കണ്ടെത്തിയിരുന്നു.