ശിവശങ്കറിന്റെ പങ്ക് വ്യക്തമായപ്പോള്‍ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു

ന്യൂഡൽഹി ∙ സ്വർണ കള്ളക്കടത്തു കേസ് അട്ടിമറിക്കാൻ കേരള സർക്കാരും പൊലീസും വൻശ്രമങ്ങൾ നടത്തുന്നുവെന്ന ആരോപണം ആവർത്തിച്ചും തുടർവിചാരണ കേരളത്തിൽ നിന്നു മാറ്റണമെന്ന ആവശ്യത്തിലുറച്ചും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. ഇഡിയുടെ ആവശ്യം നവംബർ മൂന്നിനു പരിഗണിക്കാനിരിക്കെയാണിത്. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ, ഹർജിയിൽ പുതിയ സത്യവാങ്മൂലത്തിന് ഇഡി കൂടുതൽ സമയം തേടിയിരുന്നു.
അന്വേഷണം അട്ടിമറിക്കാനും തെളിവുകൾ നശിപ്പിക്കാനും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നു ശ്രമങ്ങൾ ഉണ്ടായെന്നാണ് ഇഡിയുടെ പ്രധാന ആരോപണം. അന്വേഷണം ആവശ്യപ്പെട്ടു നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ചിലതു മൂടിവയ്ക്കാനും വിശ്വാസ്യത വർധിപ്പിക്കാനുമായിരുന്നു ഇത്. അല്ലാതെ സർക്കാർ അന്വേഷണത്തോടു സഹകരിച്ചില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ പങ്കു വ്യക്തമായതോടെ കേസ് അട്ടിമറിക്കാനാണ് സംസ്ഥാന പൊലീസ് ഉൾപ്പെടെ സർക്കാർ സംവിധാനങ്ങൾ ശ്രമിച്ചത്. തുടങ്ങിയ ആരോപണങ്ങളാണ് ഇഡിയുടെ ഡപ്യൂട്ടി ഡയറക്ടർ നൽകിയ സത്യവാങ്മൂലത്തിലുള്ളത്. വിചാരണ അട്ടിമറിച്ചു ഉന്നതരെ സംരക്ഷിക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടെന്ന ആരോപണവും ഇഡി ഉന്നയിക്കുന്നു

Related posts

Leave a Comment