സംസ്ഥാന സര്‍ക്കാര്‍ സസ്പന്റ് ചെയ്ത മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിനെ സ്വര്‍ണക്കടത്ത് കേസിലെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന എന്‍ഐഎ മൂന്നാം വട്ടം ചോദ്യം ചെയ്തത് തനിച്ചല്ല. കേസില്‍ ആദ്യ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെ കൂടി വിളിച്ചുവരുത്തിയുള്ളതാണ് ഈ ചോദ്യം ചെയ്യല്‍.
എന്‍ഐഎ ചോദ്യം ചെയ്യലിനായി എത്തിയ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കര്‍-ചിത്രം പിടിഐ
1. തിരുവനന്തപുരം വിമാനത്താവളത്തില്‍ യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയ കേസില്‍ ശിവങ്കറിന് ബന്ധമുണ്ടോ എന്നതാണ് എന്‍ഐഎ കണ്ടെത്താന്‍ ശ്രമിക്കുന്നത്. സ്വപ്‌ന സുരേഷിന് ശിവശങ്കറുമായി ഉണ്ടായ അടുപ്പത്തെ കുറിച്ച് നേരത്തെ ഇരുവരില്‍നിന്നും എന്‍ഐഎ മൊഴിയെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ വിശകലനം ചെയ്തും മറ്റ് അന്വേഷണത്തിലൂടെ ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചുമാണ് ശിവശങ്കറിനെ മൂന്നാം വട്ട ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയത്.
2. ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് 15 കോടി രൂപ മൂല്യം കണക്കാക്കിയ 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ തീവ്രവാദ ബന്ധവും വിദേശ ബന്ധവും അന്വേഷിക്കുന്ന എന്‍ഐഎ സ്വപ്‌ന സുരേഷ്, സരിത് പിഎസ്, സന്ദീപ് നായര്‍, ഫൈസല്‍ ഫരീദ് എന്നിങ്ങനെ അറസ്റ്റിലായവര്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. സ്വര്‍ണം കടത്തിയതില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത കേസില്‍ ഇവരില്‍ ചിലര്‍ക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും എന്‍ഐഎ കേസ് ഉള്ളതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല.
സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ ഓഫീസില്‍ കൊണ്ടുവരുന്നു-ചിത്രം പിടിഐ
3. തുടര്‍ ചോദ്യം ചെയ്യലിനായി സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും നാല് ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടുകൊടുത്തുകൊണ്ട് എന്‍ഐഎ കോടതി ഉത്തരവിട്ടിരുന്നു. ഇവരില്‍നിന്ന് നേരിട്ട് രേഖപ്പെടുത്തിയ മൊഴികള്‍ക്ക് പുറമെ പിടിച്ചെടുത്ത ഫോണ്‍, ലാപ്‌ടോപ് മറ്റ് രേഖകള്‍ വിശകലനം ചെയ്താണ് തുടര്‍ ചോദ്യം ചെയ്യല്‍.
4. മൂവരും തമ്മിലുള്ള സൗഹൃദം സംബന്ധിച്ച് പ്രത്യേകം മൊഴികള്‍ നേരത്തേ രേഖപ്പെടുത്തിയതാണ്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള വൈരുധ്യമുണ്ടോ എന്ന് വ്യക്തമല്ല. ഒരുമിച്ച ചോദ്യം ചെയ്യുന്നതിലൂടെ കേസ് അന്വേഷണത്തില്‍ കൂറേക്കൂടി വ്യക്തത വരുത്താനായിരിക്കും എന്‍ഐഎയുടെ ശ്രമം.
5 .ജൂണ്‍ 5ന് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ശിവശങ്കറിലും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ആരോപണം അതിശക്തമായി ഉയര്‍ന്നുവന്നിരുന്നു. രണ്ട് ദിവസം ശിവശങ്കറിനെ ഏതാണ്ട് 20 മണിക്കൂര്‍ നേരം നേരത്തെ ചോദ്യം ചെയ്യുകയുമുണ്ടായി. പിന്നീട് എന്‍ഐഎ മറ്റ് നടപടികളിലേക്ക് കടന്നിരുന്നില്ല.