കൊച്ചി • തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ ചോദ്യം ചെയ്ത എം.ശിവശങ്കര്‍ ഐ.എ.എസിന് പാര്‍ട്ടികള്‍ക്കിടെ മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കിയിരുന്നതായി സൂചന. എന്‍.എന്‍.ഐ നടത്തിയ രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിനിടെ ശിവശങ്കര്‍ നടത്തിയ തുറന്നു പറച്ചിലുകളാണ് ഈ സൂചന നല്‍കിയത്. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
സ്വപ്നയുടെ കുടുംബവുമായി ശിവശങ്കറിനുള്ള ബന്ധം മുതലെടുക്കാന്‍ കേസിലെ മുഖ്യപ്രതിയായ റമീസ് അടക്കമുള്ളവര്‍ തന്ത്രം മെനഞ്ഞു. ഇതിന്റെ ഭാഗമായി പാര്‍ട്ടികള്‍ സംഘടിപ്പിച്ചു. ഇത്തരം പാര്‍ട്ടികള്‍ ശിവശങ്കറുമായി അടുക്കാന്‍ സരിത്തും സന്ദീപും ഉപയോഗപ്പെടുത്തി. പാര്‍ട്ടികള്‍ക്കിടയില്‍ ശിവശങ്കറിനെ പുകഴ്ത്തിപ്പറഞ്ഞു വശത്താക്കി. ഇത്തരം പാര്‍ട്ടികള്‍ക്കിടയില്‍ സംഭവിച്ച പലകാര്യങ്ങളും ശിവശങ്കറിനു കൃത്യമായി ഓര്‍മിക്കാന്‍ കഴിയുന്നില്ല. മദ്യത്തില്‍ ലഹരി കലര്‍ത്തി നല്‍കിയതിനാലാണ് ഇതെന്നാണ് സൂചന. അന്വേഷണ സംഘത്തിന്റെ സംശയത്തെ സാധൂകരിക്കുന്ന മൊഴികള്‍ സ്വപ്നയുടെ അയല്‍വാസികളും നല്‍കിയിട്ടുണ്ട്.
മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു തവണ കസ്റ്റഡിയില്‍ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി റിമാന്‍ഡ് ചെയ്ത സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിരിക്കുന്നതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ നിയമതടസ്സമില്ല.
അതേസമയം, ശിവശങ്കറിന്റെ മൊഴികളുടെ അടിസ്ഥാനത്തില്‍ ചില കണ്‍സല്‍റ്റന്‍സി സ്ഥാപനങ്ങളിലേക്കും അന്വേഷണത്തിന്റെ മുന നീങ്ങിയേക്കുമെന്നും സൂചനയുണ്ട്.