ശിവശങ്കര്‍ നുണയന്‍; ചോദ്യങ്ങള്‍ക്കുത്തരമായി കള്ളങ്ങള്‍; ഭാര്യ ഡോക്ടറായ ആശുപത്രിയില്‍ പ്രവേശിച്ചതും നാടകം; കോടതിയില്‍ കസ്റ്റംസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ കൂടുതല്‍ ആരോപണങ്ങളുയമായി കോടതിയില്‍ കസ്റ്റംസ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ സത്യം പറയുന്നില്ലെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. മിക്ക ചോദ്യങ്ങള്‍ക്കും തുടര്‍ച്ചയായി നുണ പറയുകയാണ് ശിവശങ്കര്‍ ചെയ്യുന്നത്. ശിവശങ്കറിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കേണ്ടതാണെന്നും സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ് വാദിച്ചു.

തനിക്ക് ഒരു ഫോണേയുളളൂ എന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയത്. എന്നാല്‍ ശിവശങ്കറിന്റെ രണ്ട് ഫോണുകള്‍ കൂടി ഭാര്യ കൈമാറിയിട്ടുണ്ട്. കളളക്കടത്ത് കേസില്‍ ശിവശങ്കറെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതാണെന്നും അന്ന് അസുഖം അഭിനയിച്ച്‌, ഭാര്യ ഡോക്ടറായ ആശുപത്രിയില്‍ പ്രവേശിച്ചത് നാടകമാണെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴിയെടുക്കല്‍ ഇന്നും കോടതിയില്‍ തുടരുന്നുണ്ട്.

ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം ബുധനാഴ്ച വൈകിട്ടും പ്രാഥമിക മൊഴിയെടുത്തിരുന്നു. രഹസ്യമൊഴി നല്‍കണമെന്ന പ്രതികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കോടതി നടപടി. നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ് പ്രതികള്‍.

Related posts

Leave a Comment