പ്രശസ്ത സംഗീത സംവിധായകൻ അനിൽ ഗോപാലൻ രചനയും സംഗീതസംവിധാനവും നിർവഹിച്ച ‘ഓം ശാന്തി’ എന്ന സംഗീത ആൽബം ഇതിനോടകം വൻ ജനസമ്മതി നേടിക്കഴിഞ്ഞു. കോവിഡ് പ്രതിരോധവും പ്രത്യാശയും പങ്കുവയ്ക്കുന്ന ധാരാളം ഗാനങ്ങൾ ഇതുനോടകം പുറത്തു വന്നുവെങ്കിലും, ഇന്ത്യ ലോക രാജ്യങ്ങളിൽ നിന്നും ആരോഗ്യ പ്രതിരോധ ശേഷിയിൽ എങ്ങനെ വേറിട്ടു നിൽക്കുന്നു എന്നതാണ് ‘ആരോഗ്യത്തിന് വേദമുരച്ച് ലോകം കാത്തൊരു നാട്’ എന്ന ഗാനത്തില്‍ പ്രതിപാദിക്കുന്നത്.
ജീവിതത്തിന്റെ ചിട്ടപ്പെടുത്തലിലൂടെയും പ്രകൃതിയോട് നീതിപൂർവ്വമായ പെരുമാറ്റത്തിലൂടെയും ജീവനകലകൾ സംരക്ഷിക്കുന്നതിലൂടെയും ഏതു മഹാമാരിയെയും ഒരു പരിധിവരെ നമുക്ക് ചെറുത്തു നിർത്താനാവും എന്നും ഓർമ്മപ്പെടുത്തുന്നു. ദൃശ്യഭംഗികൊണ്ടും ആൽബം ശ്രദ്ധേയമാണ്. ശ്രീരാജ് എസ്സ് .ആർ ആണ് ചിത്രസംയോജനം നടത്തിരിക്കുന്നത്. ഡോ. സോണി തോമസ് മാർഗ്ഗനിർദ്ദേശം നൽകിയിരുന്നു. ഗാനത്തിൽ അനിൽ ഗോപാലന്റെ എട്ടാം ക്ലാസ്സുകാരൻ മകൻ അദ്രി അനിൽ ഗോപാലനും പാടിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സംഗീത രംഗത്ത് നിറഞ്ഞു നിൽക്കുന്ന കലാകാരനാണ് ഗായകൻ കൂടി ആയ അനിൽ ഗോപാലൻ. അവൻ, ആകസ്മികം, ആകാശവാണി, ലസാഗു, ടെസ്റ്റ് പേപ്പർ, കലാമണ്ഡലം ഹൈദരലി തുടങ്ങി പതിനാറോളം ചിത്രങ്ങൾ അനിലിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങി. ആയിരത്തോളം ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ മിക്ക മുഖ്യധാരാ ഗായകർക്കും ഗാനരചയിതാക്കൾക്കുമൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
2016–ൽ തരംഗിണിക്കായി സംഗീതം നിർവഹിച്ചു കെ.ജെ. യേശുദാസ് ആലപിച്ച “അയ്യനല്ലാതെയാര് “എന്ന അയ്യപ്പ ഭക്തിഗാന ആൽബത്തിലെ ഒൻപതു ഗാനങ്ങളും ജനപ്രീതി നേടിയിരുന്നു. ഇപ്പോൾ പുതിയ സിനിമകളുടെയും സീരിയലുകളുടെയുംപണിപ്പുരയിൽ ആണ് അനിൽ ഗോപാലൻ. തിരുവനന്തപുരം ആനയറയിൽ ഭാര്യ വിനയക്കും ഇളയമകൾ അദിതിക്കും മകൻ അദ്രിക്കുംഒപ്പമാണ് താമസം.