ശവപ്പെട്ടി നിര്‍മ്മാണം അരോചകം; ബിജെപി പ്രവര്‍ത്തകന്‍ പെട്രൊളൊഴിച്ച്‌ കത്തിച്ച ഭിന്നശേഷിക്കാരന് ഒടുവില്‍ ദാരുണാന്ത്യം

തിരുവനന്തപുരം : വെള്ളറടയില്‍ ബിജെപി പ്രവര്‍ത്തകന്‍ പെട്രോള്‍ ബോംബെറിഞ്ഞ ഭിന്നശേഷിക്കാരനായ അയല്‍വാസി മരിച്ചു. അരുവിയോട് സ്വദേശിയായ വര്‍ഗീസാണ് മരിച്ചത്.

50 വയസായിരുന്നു. മെയ് 12 ശരീരം മുഴുവന്‍ പൊള്ളലേറ്റ നിലയിലാണ് ഇയാളെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

വീടിനോട് ചേര്‍ന്നുള്ള ചെറിയ ഷെഡില്‍ ശവപ്പെട്ടി നിര്‍മ്മാണം നടത്തിവന്നിരുന്ന ഇരുകാലിനും സ്വാധീനമില്ലാത്ത വര്‍ഗീസിനെ ബിജെപി പ്രവര്‍ത്തകനായ സെബാസ്റ്റ്യന്‍ ഭീഷണിപ്പെടുത്തുകയും വഴങ്ങാതെ വന്നപ്പോള്‍ ബോംബെറിയുകയുമായിരുന്നു.

ശവപ്പെട്ടി നിര്‍മ്മാണ വേളയില്‍ പുറത്തുവരുന്ന പൊടിപടലം തനിക്ക് ബുദ്ധിമുട്ടാണെന്ന് സെബാസ്റ്റ്യന്‍ വര്‍ഗീസിനോട് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ശവപ്പെട്ടി നിര്‍മ്മാണശാല മുഴുവന്‍ വര്‍ഗീസ് തുണികൊണ്ട് കെട്ടി മറച്ചെങ്കിലും സെബാസ്റ്റ്യന്‍ ശവപ്പെട്ടി നിര്‍മ്മാണം ഉടനടി നിര്‍ത്തണമെന്ന് വാശിപിടിക്കുകയായിരുന്നു.

പല വിധ ഭീഷണികള്‍ക്കും വര്‍ഗീസ് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോഴാണ് സെബാസ്റ്റിയന്‍ വര്‍ഗീസിന്റെ കടയ്ക്കുനേരെ ഒന്നിലധികം പെട്രോള്‍ ബോംബെറിഞ്ഞത്.

ശവപ്പെട്ടി നിര്‍മ്മാണശാലയില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് വര്‍ഗീസിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. സെബാസ്റ്റ്യനെ നാട്ടുകാര്‍ തന്നെ കൈയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിപ്പിച്ചിരുന്നു.

നാട്ടുകാരെ കണ്ട് സെബാസ്റ്റ്യന്‍ വാതില്‍പൂട്ടി വീടിനുള്ളില്‍ ഇരുന്നെങ്കിലും നാട്ടുകാര്‍ വീട് വളഞ്ഞ് പൊലീസിന്റെ സഹായത്തോടെ വാതില്‍ തുറക്കുകയായിരുന്നു.

Related posts

Leave a Comment