ശമ്പളരഹിത സേവനം 41–ാം ദിവസ’മെന്ന ബാഡ്ജ് ധരിച്ച് ജോലിക്ക്; അഖിലയെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് പോസ്റ്റർ എഴുതി യൂണിഫോമിൽ ധരിച്ച വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ്.നായരെ പാലായിലേക്ക് സ്ഥലം മാറ്റിയ നടപടി റദ്ദാക്കി.

സിഎംഡിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. അതേസമയം, അഖില ബാഡ്ജില്‍ പ്രദര്‍ശിപ്പിച്ച കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

6 ദിവസം മാത്രമാണ് ശമ്പളം വൈകിയത്, എന്നാല്‍ 41 ദിവസം മുടങ്ങിയെന്നാണ് ബാഡ്ജില്‍ ജീവനക്കാരി പ്രദർശിപ്പിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അഞ്ചാം തീയതിയാണ് കെഎസ്ആര്‍ടിസിയിലെ ശമ്പള ദിവസം. സ്ഥലം മാറ്റം ശിക്ഷാ നടപടിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ശമ്പളരഹിത സേവനം 41–ാം ദിവസ’മെന്ന ബാഡ്ജ് ധരിച്ചു ജോലി ചെയ്തതിനു കഴിഞ്ഞ ദിവസമാണ് അഖിലയെ വൈക്കം ഡിപ്പോയിൽനിന്നു പാലായിലേക്കു സ്ഥലംമാറ്റിയത്.

പ്രതിഷേധം സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നാണു കെഎസ്ആർടിസി നിലപാട്. ജനുവരി 11ന് ആണ് ഇവർ പ്രതിഷേധ ബാഡ്ജ് ധരിച്ചു ജോലിക്കെത്തിയത്.

യാത്രക്കാരിൽ ഒരാൾ ഇതിന്റെ ചിത്രമെടുത്ത് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ഇത് വ്യാപകമായി ചർച്ചയാകുകയും ചെയ്തു.

തുടർന്ന് കോർപറേഷൻ നടത്തിയ അന്വേഷണത്തിൽ അഖില അച്ചടക്ക ലംഘനം നടത്തിയെന്നും സർക്കാരിനെയും കോർപറേഷനെയും അപകീർത്തിപ്പെടുത്തുകയും ചെയ്‌തെന്നും ഭരണപരമായ സൗകര്യാർഥം സ്ഥലം മാറ്റിയെന്നുമാണ് സ്ഥലംമാറ്റ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.

ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഉത്തരവ് റദ്ദാക്കിയത്. എംഎസ്‌സിയും ബിഎഡുമുള്ള അഖില 13 വർഷമായി കെഎസ്ആർടിസി ജീവനക്കാരിയാണ്.

കഴിഞ്ഞവർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ശമ്പളം കിട്ടാതെ വന്നപ്പോൾ വിഷു ദിവസം വൈക്കം ഡിപ്പോയിൽ നിരാഹാരസമരം നടത്തിയിരുന്നു.

Related posts

Leave a Comment