തിരുവനന്തപുരം: ദിനംപ്രതി ശബരിമലയില്‍ ഉണ്ടാകുന്ന വന്‍ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും.
മുഖ്യമന്ത്രി വിളിച്ച യോഗം പതിനൊന്നിന് നിയമസഭയ്ക്ക് ഉള്ളിലാണ് ചേരുന്നത്. ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസും ദേവസ്വം ബോര്‍ഡും രണ്ടു തട്ടിലാണ്.
നിയന്ത്രണം വേണ്ട എന്നാണ് ബോര്‍ഡിന്റെ വാദം. എന്നാല്‍ വെര്‍ച്വല്‍ ക്യൂ എണ്ണം നിയന്ത്രിക്കണമെന്നാണ് പോലീസിന്റെ വാദം. വിഷയം ചര്‍ച്ചചെയ്യാന്‍ ദേവസ്വം മന്ത്രി, ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, പോലീസ് പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
അതേസമയം, ശബരിമലയില്‍ ദര്‍ശനസമയം ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് വ്യക്തമാക്കി. തിരക്കു പരിഗണിച്ച് നിലവില്‍ ഒരു മണിക്കൂര്‍ ദര്‍ശനസമയം ദീര്‍ഘിപ്പിച്ചതിനാല്‍ ഇനി വര്‍ധിപ്പിക്കുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇന്ന് ഒരു ലക്ഷത്തിനു മുകളില്‍ ഭക്തരെത്തും. ഈ മണ്ഡലകാലത്തെ ഏറ്റവും ഉയര്‍ന്ന ബുക്കിങ്ങാണിത്. 1,20,000 പേര്‍ക്ക് വരേയാണ് ബുക്കിങ് അനുവദിക്കുന്നത്.
ദേവസ്വം ബോര്‍ഡാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം നിയന്ത്രിക്കുന്നത്. 85,000 പേര്‍ക്കായി പരമാവധി ഒരു ദിവസത്തെ ദര്‍ശനത്തിന്റെ നിയന്ത്രണം വേണമെന്നാണ് പോലീസിന്റെ ആവശ്യം. എന്നാല്‍, ഇത് ദേവസ്വം ബോര്‍ഡ് അംഗീകരിച്ചിട്ടില്ല.