തിരുവനന്തപുരം : ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് തൃപ്തികരമായ ദര്‍ശനം ഉറപ്പാക്കാന്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി.
ദിവസേനെ 90,000 പേര്‍ക്കായിരിക്കും ഇനി ദര്‍ശനം അനുവദിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ദര്‍ശന സമയം ഒരു മണികൂര്‍ കൂടി വര്‍ധിപ്പിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.
പുതിയ പരിഷ്കാരം വരുന്നതോടെ 19 മണിക്കൂര്‍ ദര്‍ശനത്തിന് സമയം ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍്റ് കെ. അനന്തഗോപന്‍ പറഞ്ഞു. നിലവില്‍ 18 മണിക്കൂറാണ് നട തുറക്കുന്നത്.
അനുഭവ സമ്പത്തുള്ള പോലീസുകാരെ പതിനെട്ടാം പടിയില്‍ നിയോഗിക്കും. ആര്‍ക്കും ദര്‍ശനം നിഷേധിക്കില്ലെന്നും അനന്തഗോപന്‍ പറഞ്ഞു. ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ദര്‍ശന സമയം കൂട്ടുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
തീര്‍ഥാടകരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം കഴിഞ്ഞ സാഹചര്യത്തിലാണ് ഞായറാഴ്ച കോടതി സ്പെഷല്‍ സിറ്റിങ് നടത്തിയത്.
നിലയ്ക്കലില്‍ ഭക്തരെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഒരുക്കാനും തീരുമാനമായി. ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം ചേര്‍ന്ന് നടപടിക്രമങ്ങള്‍ വിലയിരുത്തും.
അതിനിടെ തിരക്ക് നിയന്ത്രണം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ സന്നിധാനം എസ്പി ഹരിചന്ദ്ര നായിക്കിനെ പമ്പയിലേക്കു മാറ്റി.
പമ്പയുടെ ചുമതലയുണ്ടായിരുന്ന സുദര്‍ശന്‍ സന്നിധാനം എസ്പിയാകും. തിരക്കു നിയന്ത്രിച്ചു പരിചയമുള്ളവരെ വിന്യസിക്കുന്നതിന്റെ ഭാഗമായാണ് ക്രമീകരണം.