സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കനത്ത മഴ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
പ്രളയത്തിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവര്‍ മാറി താമസിക്കണമെന്നും മലയോരമേഖലകളിലേയ്ക്കും തീരപ്രദേശങ്ങളിലേയ്ക്കുമുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. ദുരന്ത നിവാരണ അതോരിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അതേസമയം, സംസ്ഥാനം നേരിടുന്ന മഴക്കുറവ് മൂലം വൈദ്യുതി പ്രതിസന്ധിയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ കൂടുതൽ മഴ ലഭിക്കുന്നത് വൈദ്യുതോത്പാദന മേഖലയ്ക്ക് ഗുണകരമാണ്.