ചെന്നൈ: പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയെയും എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരെയും തമിഴ്നാട് നിയമസഭയില്‍ നിന്ന് സസ്പെൻഡ് ചെയ്തു.
കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് ഡി.എം.കെ സർക്കാറിനെതിരെ സഭാനടപടികള്‍ തടസപ്പെടുത്തിയതിനാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
ജൂണ്‍ 29 വരെയുള്ള നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് പ്രതിപക്ഷ എം.എല്‍.എമാരെ സ്പീക്കർ തടഞ്ഞത്.
തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് എം.എല്‍.എമാരെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.
വ്യാജ മദ്യ ദുരന്തത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം ബഹളം.
അതേസമയം, കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്തുണ്ടായ വ്യാജ മദ്യദുരന്തത്തില്‍ മരണം 61 ആയി ഉയർന്നു.
പുതുച്ചേരി ജിപ്മർ, കള്ളക്കുറിച്ചി ജില്ല ഗവ. ആശുപത്രി, സേലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലായി 118 പേർ ചികിത്സയിലാണ്.
സംഭവത്തില്‍ വിശദമായ റിപ്പോർട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും തമിഴ്നാട് പൊലീസ് ഡയറക്ടർ ജനറലിനും ദേശീയ മനുഷ്യാവകാശ കമീഷൻ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ആറ് സ്ത്രീകള്‍ മരിച്ചതിനെ തുടർന്ന് ദേശീയ വനിതാ കമീഷനും വിഷയം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ രൂപീകരിച്ചു.
കേസിന്‍റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് സി.ഐ.ഡിക്ക് കൈമാറി സർക്കാർ ഉത്തരവിട്ടിരുന്നു.
ദുരന്തത്തെ കുറിച്ച് അന്വേഷിക്കുന്നതിന് റിട്ട. ജസ്റ്റീസ് പി. ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ ഏകാംഗ ജുഡീഷ്യല്‍ കമീഷനെയും സർക്കാർ നിയമിച്ചിട്ടുണ്ട്.