തിരുവനന്തപുരം: ചാക്കയില്‍ വ്യാജ ഡോക്ടര്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡ് നീക്കം ചെയ്ത് ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.
തമിഴ്നാട്ടില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ. റോബിന് ഗുരു സിംഗിനെതിരെ കേരളത്തില്‍ നടപടിയെടുക്കാനാവില്ലെന്ന കേരള മെഡിക്കല്‍ കൗണ്‍സിലിന്റെ വാദം കമ്മിഷന് തള്ളി. കേരള സ്റ്റേറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് നിയമത്തിലെ സെക്ഷന്‍ 42, 43 പ്രകാരം ഒരു വ്യക്തി വ്യാജമായി തന്റെ പേരിനൊപ്പം ഡോക്ടര്‍ എന്ന് ചേര്‍ത്ത് ചികിത്സ നടത്തുകയും പരസ്യം ചെയ്യുന്നതും കുറ്റകരമാണെന്നും അതില്‍ നിയമനടപടി സ്വീകരിക്കാന്‍ കൗണ്‍സിലിന് അധികാരമുണ്ടെന്നും കമ്മിഷന് ചൂണ്ടിക്കാട്ടി.
റോബിന് ഗുരു സിംഗ് പ്രാക്ടീസ് ചെയ്യുന്നത് തമിഴ്നാട്ടിലാണെങ്കിലും പരസ്യ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് കേരളത്തിലാണെന്നത് കണക്കിലെടുത്ത് നടപടിയെടുക്കണമെന്ന് കമ്മിഷന് ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ കരിങ്കല്‍ എന്ന സ്ഥലത്താണ് പ്രാക്ടീസ് ചെയ്യുന്നതെന്നും കേരളത്തില്‍ നിന്ന് നിരവധി രോഗികളെ ആകര്‍ഷിക്കുന്നുണ്ടെന്നും കഴക്കൂട്ടം സ്വദേശി ശ്രീകുമാര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ കമ്മിഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരസ്യ ബോര്‍ഡില്‍ പറയുന്ന ഗുരുപദം ക്ലിനിക്കില്‍ നടത്തിയ പരിശോധനയില്‍ ഗുരുസിംഗ് തമിഴ്നാട് മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതര പരാതിയായതിനാല് അടിയന്തര നടപടി സ്വീകരിക്കാന്‍ കന്യാകുമാരി ഹെല്‍ത്ത് സര്‍വീസ് ജോയിന്റ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.