വൈദ്യ ശാസ്ത്ര ലോകത്തെ ഞെട്ടിച്ച മാർ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്ത വലിയ തിരുമേനിയുടെ പേഴ്സണൽ ഡോക്ടർ രാജു പി ജോർജ്ജ് മനോരമ ഓൺലൈന് നൽകിയ സംഭാഷണത്തിൽ നിന്നും

പത്തനംതിട്ട ∙ അന്നൊരു തൊണ്ട വേദനയുമായാണ് ക്രിസോസ്റ്റം തിരുമേനി കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ എത്തുന്നത്, 2002ൽ. അതൊരു സൂചനയായിരുന്നു, തിരുമേനിയുടെ ശരീരത്തെ ബാധിച്ചു തുടങ്ങുന്ന കാൻസറിന്റെ.

ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവു കുറയുന്നത് ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് വിശദമായി പരിശോധിച്ചതു തുടങ്ങിയതെന്നു തിരുമേനിയുടെ പഴ്സനൽ ഡോക്ടർ രാജു പി. ജോർജ് പറഞ്ഞു. തൊണ്ടവേദനയ്ക്കു ചികിത്സിച്ചു മടക്കി അയയ്ക്കാൻ തോന്നാതിരുന്നത് ദൈവ നിയോഗമായാണ് ഡോ.രാജു കാണുന്നത്.

വിശദമായ പരിശോധനയ്ക്ക് അന്നു ദൈവം തോന്നിച്ചതാണെന്ന് ഇന്നും ഡോക്ടർ വിശ്വസിക്കുന്നു. ചികിത്സിച്ചു ഭേദമാക്കാവുന്ന അവസ്ഥയിലായിരുന്നു അന്നു കാൻസറിന്റെ വളർച്ച.

ജീവിതത്തിലുടനീളം വൈദ്യശാസ്ത്ര ലോകത്തെ ഞെട്ടിക്കലായിരുന്നു മാർ ക്രിസോസ്റ്റത്തിന്റെ ശരീരം. കാൻസറിനെ അതിജീവിച്ച തിരുമേനിയെ 2008ൽ ഹൃദയാഘാതം പിടികൂടി. ഒന്നും രണ്ടുമല്ല 5 തടസ്സങ്ങളുണ്ടായിരുന്നു ഹൃദയ ധമനികളിൽ. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ഡോ. ജോർജ് ജോസഫ് അഞ്ചിലും സ്റ്റെൻഡ് ഇട്ടു അദ്ഭുതകരമായി തിരുമേനിയെ ജീവിതത്തിലേക്കു തിരികെ നടത്തി. പേസ്മേക്കറിന്റെ സഹായവും മാർ ക്രിസോസ്റ്റത്തിന്റെ ശരീരത്തിലുണ്ട്.

പ്രമേഹം, വൃക്ക സംബന്ധമായ അസുഖം, പാർക്കിൻസൺ രോഗ ലക്ഷണം, ഉയർന്ന രക്ത സമ്മർദം, കാലിൽ ഇടയ്ക്കിടെ വരുന്ന ഇൻഫെക്‌ഷൻ തുടങ്ങിയ ശാരീരിക അവശതകൾ വലിയ ഒരു പൊട്ടിച്ചിരിയിൽ പൊതിഞ്ഞ് അദ്ദേഹം നേരിട്ടു. മനസ്സിന്റെ ധൈര്യവും ചിരിയുമാണ് രോഗ ഭാരങ്ങൾ ഏശാതെ ആ ശരീരത്തെ നിലനിർത്തിയതെന്നും ഡോ. രാജു ഓർക്കുന്നു.

ഒഡീഷയിലെ റൂർക്കലയിൽ കുഞ്ഞുനാളിൽ തുടങ്ങിയതാണ് മാർ ക്രിസോസ്റ്റവുമായി രാജു പി.ജോർജിന്റെ ബന്ധം. മിഷനറി പ്രവർത്തനങ്ങൾക്കായി ഒഡീഷയിലെത്തിയ മാർ ക്രിസോസ്റ്റം അവിടത്തെ കുട്ടികളുമായി വളരെ വലിയ സൗഹൃദത്തിലായി. അന്ന് റൂർക്കലയിലായിരുന്നു ഡോ.രാജുവിന്റെ കുടുംബം.

രണ്ടു വർഷമായി തിരുമേനി കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ തന്നെയായിരുന്നു താമസം. ഹൃദ്രോഗത്തിനുള്ള മരുന്നുകളാണ് പ്രധാനമായും നൽകിയിരുന്നത്. ഫിസിയോതെറപ്പിയും ഡയറ്റീഷ്യന്റെ സഹായത്തോടെ ക്രമീകൃത ഭക്ഷണവും നൽകിയിരുന്നു.

എന്നാലും, ഇഷ്ട വിഭവങ്ങൾ ഒഴിവാക്കാൻ തിരുമേനി തയാറായിരുന്നില്ല. ബ്രോസ്റ്റഡ് ചിക്കൻ മുഖ്യ ദൗർബല്യമായിരുന്നു.

മാർ ക്രിസോസ്റ്റത്തിനു പല തവണ കോവിഡ് പരിശോധന നടത്തിയിരുന്നു. ഒരാഴ്ച മുൻപ് മൂത്രത്തിൽ അണുബാധ കണ്ടതിനെ തുടർന്നു ബിലിവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രക്തസമ്മർദം കുറയുകയും ശ്വാസം മുട്ടൽ അനുഭവപ്പെടുകയും ചെയ്തതോടെ തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റി.

ചൊവ്വാഴ്ച്ച ആരോഗ്യം വീണ്ടെടുത്തതോടെ രാവിലെ 11 മണിക്ക് കുമ്പനാട് ഫെലോഷിപ്പിലേക്ക് തിരികെ കൊണ്ടുവന്നു. അവസാന ദിവസങ്ങൾ ഫെലോഷിപ്പിലെ മുറിയിൽ തന്നെ ആയിരിക്കണമെന്ന് ക്രിസോസ്റ്റം തിരുമേനി പറയുമായിരുന്നു.

ഉച്ചയ്ക്കു ഭക്ഷണം കഴിച്ചു. ഇഷ്ടമുള്ള പഴുത്ത മാങ്ങയുടെ രണ്ട് കഷണം കഴിച്ചു. ഫിഷ് മൊയ്‌ലിയും ഇഷ്ടപ്പെട്ട സോഫ്റ്റ് ഡ്രിങ്കും കുടിച്ചു. രാത്രി പത്തേകാലായപ്പോൾ വീണ്ടും ശ്വാസം മുട്ടൽ വന്നു. അൽബുമിനും ഹിമോഗ്ലോബിനും കുറഞ്ഞു. ഉടൻ തന്നെ ഐസിയുവിലേക്കു മാറ്റി. രക്ത സമ്മർദം താണു തുടങ്ങി. ഒന്നേകാലോടെ അന്ത്യം. അവസാന ശ്വാസം വരെ ഡോ. രാജു പി. ജോർജും തിരുമേനിക്ക് ഒപ്പമുണ്ടായിരുന്നു.

. (കടപ്പാട് : മനോരമ ഓൺലൈൻ )

 

മായില്ല ഈ ചിരി, മറക്കില്ല ഈ സ്നേഹം. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത

Related posts

Leave a Comment