വൈദ്യുതി പ്രതിസന്ധി: കല്‍ക്കരി എത്തിക്കാനായി മെയില്‍, എക്‌സ്പ്രസ്, പാസന്‍ജര്‍ അടക്കം 753 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡെല്‍ഹി:   രാജ്യത്ത് കല്‍ക്കരി ക്ഷാമം മൂലം ഉണ്ടായ വൈദ്യുതോര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ട്രെയിനുകള്‍ റദ്ദാക്കി വേഗത്തില്‍ കല്‍ക്കരി എത്തിക്കാനുള്ള നീക്കം തുടങ്ങി.

സ്റ്റോക് ഉള്ള കല്‍ക്കരി എത്രയും വേഗം താപനിലയങ്ങളില്‍ എത്തിക്കുമെന്ന് കല്‍ക്കരി മന്ത്രാലയം അറിയിച്ചു. യുദ്ധ കാലാടിസ്ഥാനത്തില്‍ കല്‍ക്കരി എത്തിക്കാനായി കേന്ദ്ര സര്‍കാര്‍ ഊര്‍ജിത ശ്രമം തുടങ്ങി.

ഇതിന്റെ ഭാഗമായി മെയില്‍, എക്‌സ്പ്രസ്, പാസന്‍ജര്‍ ട്രെയിനുകളടക്കം 753 ട്രെയിനുകള്‍ ശനിയാഴ്ച റദ്ദ് ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. കല്‍ക്കരിക്ഷാമം രൂക്ഷമായതോടെയാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്ന തീരുമാനത്തിലൂടെ റെയില്‍വേ മുന്നോട്ടുപോകുന്നത്.

കല്‍ക്കരി നീക്കം വേഗത്തിലാക്കാന്‍ റെയില്‍വേ സജ്ജമാക്കിയിരിക്കുന്നത് 517 കല്‍ക്കരി വാഗനുകളാണ്. ഇവയുടെ ഗതാഗതം സുഗമവും വേഗത്തിലുമാക്കാന്‍ മെയ് എട്ടുവരെ യാത്രാ ട്രെയിനുകളുടെ റദ്ദാക്കല്‍ തുടരുമെന്നാണ് അറിയിപ്പ്. സൗത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 713 ട്രിപുകളും വടക്കന്‍ റെയില്‍വേയില്‍ 40 ട്രിപുകളുമാണ് ഇതുവരെ റദ്ദാക്കിയത്.

മണ്‍സൂണിന് മുന്‍പ് കൂടൂതല്‍ കല്‍ക്കരി സ്റ്റോക് താപ വൈദ്യുതി നിലയങ്ങളില്‍ എത്തിക്കാനാണ് തീരുമാനം.

അതേസമയം, ഛത്തീസ്ഗഢില്‍ എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ മൂന്ന് ട്രെയിനുകള്‍ പുനഃസ്ഥാപിച്ചു. വൈദ്യുത നിലയങ്ങളില്‍ മതിയായതോതില്‍ കല്‍ക്കരി സംഭരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. താപവൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതോടെ കാശ്മീര്‍ മുതല്‍ ആന്ധ്രപ്രദേശ് വരെയുള്ള സംസ്ഥാനങ്ങള്‍ രണ്ടുമുതല്‍ എട്ടുമണിക്കൂര്‍വരെ പവര്‍കട് ഏര്‍പെടുത്തി. ഫാക്ടറികള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

Related posts

Leave a Comment