വൈത്തിരി വെടിവെപ്പ്: കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീല്‍ വെടിയുതിര്‍ത്തിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

കല്‍പ്പറ്റ: വൈത്തിരി റിസോര്‍ട്ടില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ജലീലിന്‍റെ കൈവശമുണ്ടായിരുന്നതായി കാണിച്ച്‌ പൊലീസ് ഹാജരാക്കിയ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടേയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജലീലിന്‍റെ വലതുകയ്യില്‍ വെടിമരുന്നിന്‍റെ അംശം ഇല്ല. സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ പൊലീസിന്‍റെ തോക്കില്‍ നിന്നുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജലീല്‍ വെടിയുതിര്‍ത്തപ്പോഴാണ് തിരികെ വെടിവെച്ചതെന്ന പൊലീസ് ഭാഷ്യം നിഷേധിക്കുകയാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരിയില്‍ കോടതിയില്‍ സമര്‍പ്പിച്ചതാണ് റിപ്പോര്‍ട്ട്. ഇത് ജലീലിന്‍റെ ബന്ധുക്കള്‍ക്ക് ലഭ്യമായതോടെയാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നത്.

ജലീലിന്‍റെ മൃതദേഹത്തിന് സമീപത്തുനിന്ന് പൊലീസ് തോക്ക് കണ്ടെടുത്തിരുന്നു. ജലീല്‍ വെടിവെച്ചത് ഈ തോക്ക് ഉപയോഗിച്ചാണ് എന്നായിരുന്നു ഭാഷ്യം. എന്നാല്‍, ഈ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വെടിവെക്കുന്ന ആളുടെ കൈയില്‍ വെടിമരുന്നിന്‍റെ സാന്നിധ്യം ഉണ്ടാകും. എന്നാല്‍, ജലീലിന്‍റെ വലതുകൈയില്‍ വെടിമരുന്നിന്‍റെയോ ഈയത്തിന്‍റെയോ അംശം ഇല്ല. അതേസമയം, ഇടത് കൈയില്‍ ഈയത്തിന്‍റെ അംശം കണ്ടെത്തിയതായി പറയുന്നുണ്ട്.

സി.പി. ജലീലിന്‍റെ കൊലപാതകം വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.പി. റഷീദ് പ്രതികരിച്ചു. പൊലീസിനെ സംരക്ഷിക്കുന്നതിനായി യഥാര്‍ഥത്തില്‍ വെടിവെച്ച തോക്ക് കോടതിയില്‍ സറണ്ടര്‍ ചെയ്തിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും റഷീദ് മാധ്യമങ്ങളോട് പറഞ്ഞു.

2019 മാര്‍ച്ച്‌ ആറിനാണ് വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് ജലീല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. രാത്രിയിലെത്തിയ മാവോയിസ്റ്റുകള്‍ റിസോര്‍ട്ട് ജീവനക്കാരോട് പണം ആവശ്യപ്പെട്ടെന്നും ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ജലീല്‍ കൊല്ലപ്പെടുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍, ജലീലിനെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച്‌ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

Related posts

Leave a Comment