കണ്ണൂര്‍: അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ കണ്ണൂരില്‍ സ്വകാര്യആശുപത്രിയില്‍ നഴ്സുമാരുടെ പ്രതിഷേധസമരം. മുടങ്ങിക്കിടക്കുന്ന ശമ്ബളം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കൊയിലി ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തിനിറങ്ങിയത്. രാവിലെ തന്നെ നഴ്സുമാര്‍ സമരരംഗത്തിറങ്ങിയതോടെ മാനേജുമെന്‍്റ് ചര്‍ച്ചക്ക് തയാറായി. പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ നഴ്സുമാരുടെ ആവശ്യങ്ങള്‍ മാനേജ്മെന്‍റ് അംഗീകരിച്ചതോടെ സമരം ഒത്തുതീര്‍പ്പായി.
കൊറോണയെ പ്രതിരോധിക്കാനാവശ്യമായ സുരക്ഷാ മുന്‍കരുതലുകളായ മാസ്കോ, പി.പി.റ്റി കിറ്റോ മാനേജ്മെന്‍റ് നഴ്സുമാര്‍ക്ക് അനുവദിച്ചിട്ടില്ല എന്നാണ് ഇവരുടെ പ്രധാന പരാതി. മാസ്ക് ഫാര്‍മസിയില്‍ നിന്ന് പലരും കാശുകൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് പത്തു പതിനഞ്ചും ദിവസം ശമ്ബളമില്ലാത്ത നിര്‍ബന്ധ അവധിയെടുക്കാന്‍ മാനേജ്‍മെന്‍റ് നിര്‍ബന്ധിന്നു. പിരിച്ചുവിടലടക്കമുള്ള ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. ലോക്ക്ഡൗണ്‍ കാലമായിട്ടും ആശുപത്രി അധികൃതര്‍ ജീവനക്കാര്‍ക്ക് വാഹന സൗകര്യം നല്‍കിയില്ലെന്ന പരാതിയും ഇവര്‍ ഉയര്‍ത്തുന്നു.
അറുപതോളം നഴ്സുമാരാണ് ഡ്യൂട്ടി ബഹിഷ്കരിച്ച് സമരം നടത്തിയത്. തിങ്കളാഴ്ച നൈറ്റ് ഡ്യൂട്ടിക്ക് കയറിയ നഴ്സുമാര്‍ ഡ്യൂട്ടിയില്‍ തുടര്‍ന്നുകൊണ്ട് രാവിലെ ഡ്യൂട്ടിക്ക് കയറേണ്ട നഴ്സുമാരാണ് ഇന്ന് സമരത്തിന് എത്തിയത്. രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് നിലവില്‍ ഡ്യൂട്ടിയിലുള്ളവര്‍ ഡ്യൂട്ടിയില്‍ തുടരാന്‍ തീരുമാനിച്ചത്.