തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെള്ളം ഇല്ലാത്തതിനെത്തുടര്‍ന്ന് രോഗികള്‍ ദുരിതത്തില്‍.
വെള്ളം ഇല്ലാത്തതിനെത്തുടര്‍ന്ന് രാവിലെ നിശ്ചയിച്ചിരുന്ന 25 ശസ്ത്രക്രിയകള്‍ മുടങ്ങി. അരുവിക്കരയില്‍ വൈദ്യുതി മുടങ്ങിയതിനാലാണ് ജലവിതരണം തടസ്സപ്പെട്ടതെന്ന് ജല അതോറിട്ടി പറയുന്നു.
കുടിവെള്ള ടാങ്കറില്‍ ആശുപത്രിയിലേക്ക് വെള്ളമെത്തിക്കുകയാണ്. ഇന്നലെ ഒരുപാട് കഷ്ടപ്പെട്ടതായും, രാവിലെ അരമണിക്കൂര്‍ മാത്രമാണ് വെള്ളം ലഭിച്ചതെന്നും രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു.
രാവിലെ ശസ്ത്രക്രിയക്കായി എത്തിയെങ്കിലും ഇതുവരെ നടന്നിട്ടില്ലെന്ന് രോഗികള്‍ പറഞ്ഞു.
മൂന്നുദിവസമായി ആശുപത്രിയില്‍ വെള്ളം ഇല്ലാതായിട്ടെന്ന് ഐസിയുവില്‍ കഴിയുന്ന രോഗിയുടെ മകന്‍ കുറ്റപ്പെടുത്തി. ടോയ്‌ലറ്റില്‍ പോലും പോകാനാകാത്ത സ്ഥിതിയാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും, ആശുപത്രിയിലേക്ക് കൂടുതല്‍ വെള്ളമെത്തിക്കുമെന്നും ജലവിഭവമന്ത്രിയുടെ ഓഫീസ് അറിയിച്ചു.