മലയിന്‍കീഴ് : മാറനല്ലൂര്‍ അരുമാളൂര്‍ കണ്ടല മയൂരം വീട്ടില്‍ അരുന്ധതി(68)യെ ആക്രമിച്ച് മാല കവര്‍ന്ന സംഭവത്തില്‍ പൊലീസിന് ഇതുവരെ പ്രതിയെ സംബന്ധിച്ച് വിവരമൊന്നുമില്ല.
തിങ്കളാഴ്ച 11.45 ന് വെള്ളം ചോദിച്ചെത്തിയ യുവാവ് വെള്ളം കുടിച്ച ശേഷം അരുന്ധതിയെ മുഖത്തടിച്ച് വീഴ്ത്തി രണ്ടുപവന്റെ മാല പിടിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു.
കണ്ണിനും മുഖത്തും ഗുരുതരപരിക്കേറ്റ വൃദ്ധയെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
ഇന്നലെ ഡിസ്ചാര്‍ജ് ചെയ്ത അരുന്ധതിയുടെ കണ്ണിന് താഴെ പൊട്ടലുള്ളതായി കണ്ടെത്തി.
ആഹാരമൊന്നും കഴിക്കാനാകാത്ത നിലയിലാണ്. അരുന്ധതിയും മകള്‍ സുജയുമാണ് അരുമാളൂരിലെ വീട്ടില്‍ താമസിക്കുന്നത്.
സംഭവം നടക്കുമ്പോൾ വൃദ്ധ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സുജ തയ്യല്‍ ജോലിക്ക് പോയിരുന്നു.
ബൈക്കിലെത്തിയാണ് യുവാവ് ആക്രമണം നടത്തിയതെന്നും വീടിന്റെ മതില്‍ ചാടിയാണെന്നും പറയുന്നുണ്ടെങ്കിലും അക്രമി എത്തിയതെങ്ങനെയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
വെള്ളം കുടിച്ചശേഷം ഗ്ലാസ് തിരികെ വാങ്ങവേ യുവാവ് അരുന്ധതിയുടെ മുഖത്ത് അടിക്കുകയായിരുന്നു. അടിയേറ്റ് വീണ വൃദ്ധയ്ക്ക് നിലവിളിക്കാന്‍ പോലുമാകാത്ത അവസ്ഥയിലായി.
മൂക്കിലൂടെ രക്തം വാര്‍ന്ന് അരുന്ധതി ഒരുവിധം പുറത്തിറങ്ങി സമീപവാസികളെ അറിയിക്കുകയും മാറനല്ലൂര്‍ പൊലീസ് അരുന്ധതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.