കല്യാണമെന്നു പറഞ്ഞാല്‍ ആദ്യം മനസ്സില്‍ വരുന്നത് ഫോട്ടോ ഷൂട്ടുകളാണ്. സിനിമയെ വെല്ലുന്ന പ്രണയ രംഗങ്ങളാണ് ഇന്ന് വെഡിങ് ഷൂട്ടുകളില്‍ നിറഞ്ഞുനില്ക്കുന്നത്. വെള്ളത്തില്‍ ചാടുന്ന നായികാനായകന്മാര്ക്കൊപ്പം ക്യാമറയും കൂടെച്ചാടി ചിത്രീകരിക്കുന്ന ആ വിഡിയോ, എഡിറ്റിങ്ങിനിടെ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും? പ്രീ വെഡിങ് ഷൂട്ട് വീണ്ടും നടത്താമെന്നുതന്നെ കരുതുക; കല്യാണച്ചടങ്ങ് റിപ്പീറ്റടിക്കാനാകുമോ!
‘കാന്‍ഡിഡ്’ നിമിഷങ്ങളടങ്ങിയ ഫോട്ടോ ആല്‍ബത്തിനും കിട്ടും ഈ പണി. എന്നാല്‍ സ്റ്റുഡിയോക്കാരെ തല്ലിയിട്ടു കാര്യമില്ല. യഥാര്‍ഥ പ്രതികളെ തല്ലാന്‍ നമുക്കു കഴിയുകയുമില്ല. കടലിനക്കരെയുള്ള ഏതോ രാജ്യത്തിരുന്ന് കേരളത്തിലെ സ്റ്റുഡിയോക്കാരുടെ കംപ്യൂട്ടറുകള്‍ ലോക്ക് ചെയ്യുന്ന വില്ലന്മാരാണവര്.
വന്‍കിട കമ്ബനികളില്‍നിന്നു പണം തട്ടിയെടുക്കാന്‍ ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന റാന്‍സംവെയറുകള്‍ ഉപയോഗിച്ചു കേരളത്തിലും വ്യാപക സൈബര്‍ ആക്രമണം നടക്കുകയാണ്. ഫയലുകള്‍ തുറക്കാനോ ഹാക്കര്‍മാര്‍ ആരാണെന്നു കണ്ടെത്താനോ ഇതുവരെ കേരള പൊലീസിന്റെ സൈബര്‍ വിഭാഗത്തിനു കഴിഞ്ഞിട്ടില്ല.
തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുന്നതിനെയാണു റാന്‍സം മണി (മോചനദ്രവ്യം) എന്നു പറയുന്നത്. റാന്‍സം വെയറും ഇതിനു സമാനമാണ്. നമ്മുടെ കംപ്യൂട്ടറിലുള്ള ഫയലുകളോ കംപ്യൂട്ടര്‍ മൊത്തമായോ ലോകത്തിന്റെ ഏതോ കോണിലുള്ള ഹാക്കര്‍ പൂട്ടും. തുറക്കണമെങ്കില്‍, ഹാക്കറുടെ കയ്യിലുള്ള കീ പണം കൊടുത്തു വാങ്ങണം. ഇല്ലെങ്കില്‍, ആ ഫയലുകള്‍ ഒരിക്കലും തുറക്കാന്‍ കഴിയില്ല.
പൂട്ടിയ ഫയലുകള്‍ തുറക്കാന്‍ ശ്രമിക്കുമ്ബോള്‍, ഒരു ടെക്സ്റ്റ് സന്ദേശമാണു തുറന്നുവരിക. ഫയലുകള്‍ ലോക്ക് ചെയ്തിരിക്കുകയാണെന്നും എന്നാല്‍, അവ സുരക്ഷിതമാണെന്നും ഭീതി വേണ്ടെന്നും സന്ദേശത്തിലുണ്ടാകും. ഫയലോ കംപ്യൂട്ടറോ തുറക്കാനുള്ള കീ ലഭിക്കണമെങ്കില്‍ നിശ്ചിത തുക (ബിറ്റ്കോയിന് ആയോ യുഎസ് ഡോളര്‍ ആയോ) നല്‍കണമെന്ന നിര്‍ദേശവും കാണും.1000 യുഎസ് ഡോളര്‍ വരെയാണു ഹാക്കര്‍മാര്‍ കേരളത്തിലെ സ്റ്റുഡിയോ ഉടമകളോട് ആവശ്യപ്പെട്ടത്. ഒരു പൈസ പോലും നല്‍കരുതെന്നാണു സൈബര്‍ പൊലീസ് പറയുന്നത്. പണം നല്കിയാലും ഫയലുകള്‍ തിരിച്ചു കിട്ടുമെന്നു തീരെ ഉറപ്പില്ല.
ജാഗ്രത പാലിക്കണം
അനൗദ്യോഗിക സോഫ്റ്റ്വെയറുകള് (ക്രാക്ഡ് സോഫ്റ്റ്വെയര്) ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക.
പ്രധാനപ്പെട്ട ഫയലുകളുടെ പകര്‍പ്പ് ഗൂഗിള്‍ ഡ്രൈവ് പോലെയുള്ള ക്ലൗഡ് സേവനങ്ങളിലും നിര്‍ബന്ധമായും സൂക്ഷിക്കുക (ബാക്കപ്). കംപ്യൂട്ടറിനു തകരാറുണ്ടായാലും ഫയലുകള്‍ തിരിച്ചെടുക്കാം.
സുപ്രധാനമായ ഫയലുകള്‍ സൂക്ഷിക്കുന്ന കംപ്യൂട്ടറുകള്‍ ഇന്റര്‍നെറ്റുമായി കഴിവതും ബന്ധിപ്പിക്കാതിരിക്കുക.
പെന്‍ ഡ്രൈവുകള്‍ ഉപയോഗിക്കുമ്ബോഴും ജാഗ്രത പാലിക്കുക.
ഓപ്പറേറ്റിങ് സിസ്റ്റവും സുരക്ഷാ സോഫ്റ്റ്വെയറുകളും കാലാകാലം പുതുക്കുക.
അപരിചിത ഇ മെയിലുകളും ലിങ്കും ആപ്പും തുറക്കുന്നതിനു മുന്‍പ് രണ്ടുവട്ടം ആലോചിക്കുക.
സോഫ്റ്റ്വെയറുകളും ആന്റിവൈറസ് ഫയര്വോളുകളും കൃത്യമായി പുതുക്കണം.