കോട്ടയം : ‘വെടിപൊട്ടും പോലൊരു ശബ്ദം കേട്ടാണു പുറത്തിറങ്ങി നോക്കിയത്. അപകടസ്ഥലത്ത് തെറിച്ചുവീണു കിടക്കുകയായിരുന്നു മൂന്നുപേരും’ – അപകടമുണ്ടായ മിലേനിയം ജംക്ഷനിൽ കട നടത്തുന്ന സജി ലൂക്കോസ് പറഞ്ഞു.
നാട്ടുകാർ ഓടിയെത്തി 2 ഓട്ടോയും ഒരു കാറും തടഞ്ഞുനിർത്തി അവയിലാണു മുഹമ്മദ് ഫാറൂഖിനെയും ആൽവിനെയും പ്രമിനെ യും കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചത്. ആശുപത്രിയിലെത്തും മുൻപേ മൂന്നുപേരും മരിച്ചതായി ഡോക്ടർമാർ പറഞ്ഞു.
ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതമാണു മരണകാരണമായി വിലയിരുത്തുന്നത്. കോട്ടയം കുമാരനല്ലൂരിൽ ഇന്നലെ വൈകിട്ട് ബൈക്ക് ലോറിയിലിടിച്ചാണു തിരുവഞ്ചൂർ സ്വദേശി പ്രമീൻ മാണി (24), സംക്രാന്തി സ്വദേശി ആൽവിൻ ബാബു (22), തോണ്ടുതറ സ്വദേശി മുഹമ്മദ് ഫാറൂഖ് (20) എന്നിവർ മരിച്ചത്.
കുമാരനല്ലൂർ – കുടമാളൂർ റൂട്ടിൽ കൊച്ചാലും ചുവടിനും വല്യാലിൻ ചുവടിനും ഇടയിലായിരുന്നു സംഭവം. ഒരു ബൈക്കിലാണ് മൂന്ന് യുവാക്കളും യാത്ര ചെയ്തത്. മൂവരും ഹെൽമറ്റ് ധരിച്ചിരുന്നില്ല.
ഓവർടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ബൈക്ക് നേരെ വരുന്നതുകണ്ട് ലോറി റോഡിന്റെ വശത്തേക്ക് ഒതുക്കിയതായി ലോറി ഡ്രൈവർ കുമരകം കണ്ണാടിച്ചാൽ സ്വദേശി അനൂപ് ബാലകൃഷ്ണൻ പൊലീസിനോടു പറഞ്ഞു.
മറ്റക്കര പാദുവയിൽ നിന്ന് ലോഡുമായി അയ്മനം പുലിക്കുട്ടുശേരി പുത്തൻതോടിലേക്ക് പോകുകയായിരുന്നു ലോറി. സക്കീറും ജാസ്മിനുമാണു മുഹമ്മദ് ഫാറൂഖിന്റെ മാതാപിതാക്കൾ.
സഹോദരങ്ങൾ: ഫാത്തിമ, ഫൈറോസ്. ബാബുവും ഷേർളിയുമാണ് ആൽവിന്റെ മാതാപിതാക്കൾ. സഹോദരങ്ങൾ: അനീഷാ ബാബു, അലൻ ബാബു.
ആൽവിന്റെ സംസ്കാരം ഇന്നു 4നു തെള്ളകം സെന്റ് മേരീസ് പള്ളിയിൽ. പ്രദീപ് മാണിയും മഞ്ജുവുമാണു പ്രമീന്റെ മാതാപിതാക്കൾ. സഹോദരൻ: പ്രദിൻ