മുട്ടം: സുഹൃത്തിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് നാലുവര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
കരിമണ്ണൂര്‍ നെയ്യശ്ശേരി തൈപ്പറമ്ബില്‍ ആദം എന്ന ഷെമീലിനെയാണ് (42) കോടതി ശിക്ഷിച്ചത്. തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജ് നിക്സന് എം. ജോസഫ് ശിക്ഷിച്ചത്.
പിഴ ഒടുക്കിയില്ലെങ്കില്‍ അഞ്ച് മാസംകൂടി കഠിനതടവ് അനുഭവിക്കണം. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഒരു വര്‍ഷം കൂടി ശിക്ഷയുണ്ടെങ്കിലും ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി. എന്നാല്‍, ഈ കുറ്റത്തിന് 10,000 രൂപ പിഴ ഒടുക്കണം. കേസില്‍ ഇരയായ 12 കാരിക്ക് 50,000 രൂപ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
2016 മാര്‍ച്ച് 14-നാണ് കേസിനാസ്പദമായ സംഭവം. ഒറ്റക്കായിരുന്ന കുട്ടിയെ വീട്ടില്‍ കയറി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടിയുടെ പരാതിയില്‍ കരിമണ്ണൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി. വാഹിദ ഹാജരായി.