വീണ്ടും വിവാദ നടപടികളുമായി ഡിസിപി ഐശ്വര്യ ഡോങ്‌റെ; സ്റ്റേഷനില്‍ ടീ വൈന്‍ഡിങ് മെഷീന്‍ സ്ഥാപിച്ച്‌ കൈയ്യടി നേടിയ സിപിഒയെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി : കളമശ്ശേരി പോലീസ് സ്‌റ്റേഷനിലെത്തുന്ന സാധാരരണക്കാരണക്കാര്‍ക്കായി ടീ വെന്‍ഡിങ് മെഷിന്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. മേലുദ്യോഗസ്ഥരെ അറിയിക്കാതെ ഉദ്ഘാടനം നടത്തിയെന്നും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നും ആരോപിച്ച്‌ കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെയുടേതാണ് വിവാദ നടപടി. സിവില്‍ പോലീസ് ഓഫീസര്‍ സി.പി. രഘുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് സ്റ്റേഷന്‍ കൂടുതല്‍ ജനസൗഹൃദമാക്കാന്‍ സ്റ്റേഷനില്‍ പരാതി നല്‍കാനും മറ്റുമായി എത്തുന്നവര്‍ക്ക് ചായയും ബിസ്‌കറ്റും തണുത്ത വെള്ളവും നല്‍കുന്ന പദ്ധതി നടപ്പാക്കിയതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്‍പ്പെടെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. അന്ന് ഉച്ചയോടെ തന്നെ സിപിഒ രഘുവിന് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ലഭിക്കുകയായിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഇതു സംബന്ധിച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.

സ്വന്തം പണവും സഹപ്രവര്‍ത്തകരില്‍ നിന്നും പിരിച്ചുമാണ് രഘു ടീ വൈന്‍ഡിഹ് മെഷിന്‍ സ്റ്റേഷനില്‍ സ്ഥാപിച്ചത്. ഇതുസംബന്ധിച്ച്‌ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും രഘു പറഞ്ഞു. പോലീസ് പൊതുജനങ്ങളുമായി സൗഹൃദത്തിലാകണമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം പാലിക്കുക കൂടിയാണ് ചെയ്തിരിക്കുന്നതായിരുന്നു ഇക്കാര്യത്തില്‍ പോലീസുകാരുടെ നിലപാട്.

വിഷയത്തില്‍ ഡിസിപിയുടെ നടപടിക്കെതിരെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഉദ്ഘാടനത്തിന് ഡിസിപിയെ ക്ഷണിക്കാതിരുന്നതിനാലാണ് രഘുവിനെ സസ്പെന്‍ഡ് ചെയ്തതെന്നാണ് പോലീസുകാരുടെ ഭാഷ്യം.

ഡിസിപിയായി ചാര്‍ജ് എടുത്തതിന് പിന്നാലെ നോര്‍ത്തിലെ വനിതാ സ്റ്റേഷനില്‍ മഫ്തിയില്‍ എത്തിയപ്പോള്‍ പാറാവുനിന്ന ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താല്‍ വിശദീകരണം ചോദിക്കുകയും ഐശ്വര്യ ഡോങ്‌റെ ഇവരെ രണ്ട് ദിവസത്തേയ്ക്ക് ട്രാഫിക്കിലേക്ക് മാറ്റുകയും ചെയ്തിരുന്നു. നേരില്‍ കണ്ടിട്ടില്ലാത്ത ഓഫിസര്‍ യൂണിഫോമിലല്ലാതെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഈ കോവിഡ് കാലത്ത് തടഞ്ഞതിന് അഭിനന്ദിക്കേണ്ടതിനു പകരം ശിക്ഷാ നടപടി സ്വീകരിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പോലീസുകാര്‍ക്കിടയിലും ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായതോടെ കമ്മിഷണര്‍ ഇവരെ താക്കീതു നല്‍കുന്ന സാഹചര്യവുമുണ്ടായിരുന്നു.

Related posts

Leave a Comment