വീണ്ടും നല്ലവനായ ഉണ്ണി; കുടുംബപ്രേക്ഷകരെ തേടി ‘ഷെഫീക്കിന്റെ സന്തോഷം’

ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിച്ച ‘മേപ്പടിയാന്‍’ സിനിമയിലെ വർക്ക് ഷോപ്പ് മെക്കാനിക് ജയകൃഷ്ണന്‍.

രണ്ടാമത് ചിത്രമായ ‘ഷെഫീക്കിന്റെ സന്തോഷത്തില്‍’ ദുബായില്‍ പോയി തൊഴിലെടുത്ത് നാട്ടിലും വിദേശത്തും മറ്റുള്ളവരുടെ നന്മ മാത്രം ആഗ്രഹിച്ചു കഴിയുന്ന ഷെഫീക്കും ഇക്കാര്യങ്ങളില്‍ തുല്യര്‍.

ചലച്ചിത്ര നിര്‍മാതാവാകുമ്പോള്‍, മലയാള സിനിമയുടെ പ്രധാന വരിക്കാരായ കുടുംബപ്രേക്ഷകരെ മുന്നില്‍ക്കണ്ട് അവതരിപ്പിക്കണം എന്ന കാര്യത്തില്‍ ഉണ്ണി രണ്ടുവട്ടവും നിര്‍ബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിക്കുകയായിരുന്നു എന്ന് ഈ രണ്ടു ചിത്രങ്ങളും കണ്ടാല്‍ അനുമാനിക്കാം.

‘സെല്‍ഫ് ലെസ്സ്’ എന്ന് ഇംഗ്ലീഷ് ഒറ്റവാക്കില്‍ പറയാവുന്ന ഇവര്‍ പലപ്പോഴും ചെന്നുചാടുക, കൂടെ നിന്നവര്‍ വെട്ടിയ കുഴിയിലാവുമെന്നതില്‍ യാദൃശ്ചികതയില്ല.

തരക്കേടില്ലാത്ത സമ്പാദ്യവുമായി നാട്ടിലേക്ക് വിമാനമിറങ്ങി, കളിക്കൂട്ടുകാരിയുമായുള്ള വിവാഹത്തിന് തയാറെടുക്കുന്ന ഷെഫീക്കിനായി പതിയിരിക്കുന്നത് അയാള്‍ സ്വപ്നത്തില്‍ പോലും നിനച്ചിരിക്കാത്ത വാരിക്കുഴികളാണ്.

അതില്‍ നിന്നും അയാള്‍ കരകയറുന്നതെങ്ങനെയാവും? ആദ്യമായി നിര്‍മ്മിച്ച ചിത്രത്തിലേതെന്ന പോലെ ഓരോ കഥാപാത്രത്തിനും സൂക്ഷ്മതയോടെ കണ്ടെത്തിയ കാസ്റ്റിംഗ് മികവാണ് സിനിമയുടെ തുറുപ്പുചീട്ട്.

കൃഷ്ണപ്രസാദ്‌, അനീഷ് രവി എന്നിവരെ പ്രായംചെന്ന അച്ഛന്‍ വേഷങ്ങള്‍ പരീക്ഷിക്കാന്‍ അവസരം നല്‍കി അവരുടെ അഭിനയപാടവത്തിന്റെ മറ്റൊരു സാധ്യത തുറന്നിട്ട സിനിമകൂടിയാണ് ‘ഷെഫീക്കിന്റെ സന്തോഷം’.

ആ പരീക്ഷണം വിജയിക്കുകയും ചെയ്തു. അതുപോലെ തന്നെ സ്മിനു സിജോ, ഗീതി സംഗീതിക എന്നിവരുടെ അമ്മവേഷങ്ങളും.

സ്ക്രിപ്റ്റില്‍ ഹ്യൂമറിന് വലിയ സാധ്യതയില്ലെങ്കിലും, ബാല, മനോജ് കെ. ജയന്‍, സംവിധായകന്‍ അനൂപ് പന്തളം, മിഥുന്‍ രമേശ് എന്നിവരുടെ സ്വാഭാവിക പ്രകടനം ചിരിയില്‍ ചെന്നെത്തുന്നുണ്ട്.

നായകന്‍ ഉണ്ണി മുകുന്ദനൊപ്പം മുഴുനീള കഥാപാത്രമായി ബാലയുടെ അമീര്‍ ആണ് ശ്രദ്ധനേടുന്ന മറ്റൊരു കഥാപാത്രം.

ബാലയുടെ വീഡിയോകളിലൂടെ കേട്ടുപരിചയിച്ച ഡയലോഗുകള്‍ സിനിമയ്ക്ക് ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിച്ചത് പ്രേക്ഷകരെ രസിപ്പിക്കാനും വേണ്ടിയുണ്ട്.

ആദ്യ സിനിമയിലേത് പോലെ കുടുംബ ചിത്രത്തില്‍ ത്രില്ലര്‍ കയറ്റാതെയുള്ള അവതരണമാണ് ‘ഷെഫീക്കിന്റെ സന്തോഷം’ മുന്നോട്ടുവയ്ക്കുന്നത്.

ഒപ്പം തന്നെ ഇന്ന് വാര്‍ത്തകളില്‍ ഇടം നേടിയ ഒരു വിഷയം അതിന്റേതായ ഗൗരവത്തോടെ യുവതലമുറയ്ക്ക് മുന്നിലെത്തിക്കാനും സ്ക്രിപ്റ്റ് ശ്രമം നടത്തിയിരിക്കുന്നു.

ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം ഹിന്ദു പശ്ചാത്തലത്തിലും രണ്ടാമത് ചിത്രം മുസ്ലിം പരിസരങ്ങളിലും പുരോഗമിക്കുന്നു എന്നതിന്റെ പേരില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവെങ്കിലും,

സിനിമയുടെ കഥയുമായി അത്തരമൊരു ഘടകം ചേര്‍ത്തുവായിക്കേണ്ടതില്ല. നായികമാരായി ദിവ്യ പിള്ളയും, ആത്മീയ രാജനുമാണ് ചിത്രത്തില്‍.

കുടുംബം ഒന്നടങ്കം തിയേറ്ററില്‍ പോയി ഒരു സിനിമ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ‘ഷെഫീക്കിന്റെ സന്തോഷം’ തിരഞ്ഞെടുക്കാം.

 

Related posts

Leave a Comment