വീണ്ടും കൊവിഡ് പിടിയിലോ ? ഡല്‍ഹി വൈറസ് ട്രാപ്പില്‍ ആയേക്കും; 300 കടന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കൊവിഡ് വൈറസ് വ്യാപനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായി രണ്ടാം ദിവസവും മുന്നൂറിലധികം കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇത് ആശങ്ക ഉണ്ടാക്കുന്നതാണ്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ മുന്നൂറിലധികം കൊവിഡിന്റെ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കണക്കുകള്‍ പ്രകാരം, 336 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ചത്തെ കണക്കനുസരിച്ച്‌ 40 കേസുകളുടെ വര്‍ധനവാണ് ഉണ്ടായത്.

അതേസമയം, കോവിഡ് ബാധിച്ച മരണങ്ങള്‍ ഒന്നും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനം ആണ്. എന്നാല്‍ ജനുവരി 14 – ന് ഡല്‍ഹിയില്‍ 30.6 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിരുന്നു. ഇത് വൈറസിന്റെ മൂന്നാം തരംഗത്തിനിടയില്‍ ഉണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു.

അതേസമയം, ഡല്‍ഹിയിലെ ആകെ പോസിറ്റീവ് കേസുകളുടെ 18.68 ലക്ഷം ആണ്. 26,158 പേരാണ് കൊവിഡ് ബാധിച്ച്‌ ഡല്‍ഹിയില്‍ ഇതുവരെ മരിച്ചത്. ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി മുന്‍കരുതല്‍ ഡോസുകള്‍ വിതരണത്തിന് തയ്യാറെടുക്കുകയാണ്. ഇതിന് പിന്നാലെ ആണ് രാജ്യ തലസ്ഥാനത്ത് കേസുകളില്‍ വര്‍ധനവ് ഉണ്ടാകുന്നത്.

ഏതേസമയം, കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത് എത്തിയിരുന്നു. ജനങ്ങള്‍ പരിഭ്രാന്തര്‍ ആകരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഡല്‍ഹിയിലെ കോവിഡ് സ്ഥിതി ഗതികള്‍ സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

“സര്‍ക്കാര്‍ കൊവിഡ് സ്ഥിതി ഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. നിലവില്‍ ജനങ്ങള്‍ പരിഭ്രാന്തരാക്കി ആകേണ്ട കാര്യം ഇല്ല. സാഹചര്യം മോശമായാല്‍ അതിന് അനുസരിച്ചുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും ” അരവിന്ദ് കെജരിവാള്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. അതേസമയം, പുതിയ വേരിയന്റ് കണ്ടെത്തുന്നത് വരെ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞിരുന്നു. തലസ്ഥാനത്തെ കൊവിഡ് സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) ഏപ്രില്‍ 20 – ന് നിര്‍ണായക യോഗം ചേരും.

ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ എന്നിവരും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ യോഗത്തില്‍ പങ്കെടുക്കും. നിലവിലെ കോവിഡ് സാഹചര്യത്തിന് പുറമെ വാക്സിനേഷന്‍ പരിപാടിയും യോഗം അവലോകനം ചെയ്യും. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറപ്പെടുവിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊവിഡ് കേസുകള്‍ കുറയുന്നതിനാല്‍ ഫെബ്രുവരി 28 – ന് ഡല്‍ഹി സര്‍ക്കാര്‍ എല്ലാ നിയന്ത്രണങ്ങളും നീക്കിയിരുന്നു. മാര്‍ച്ച്‌ 31 – ന് ഡല്‍ഹി സര്‍ക്കാര്‍ പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തതിന് പിഴ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ഇപ്പോള്‍ വീണ്ടും കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്.

Related posts

Leave a Comment