കണ്ണൂർ: ചക്കരക്കല്‍: മുഖ്യമന്ത്രിയുടെ മകള്‍ കരിമണല്‍ കര്‍ത്തയില്‍നിന്നും മാസപ്പടിവാങ്ങിയ വിഷയത്തെ പരാമര്‍ശിച്ച് ഡിവൈഎഫ്ഐ വേദിയില്‍ എംവി ഗോവിന്ദന്‍.
മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വിവാദത്തില്‍ പാര്‍ട്ടിക്ക് അവ്യക്തതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും കുടുംബത്തെയും കള്ളപ്രചാരവേലയിലൂടെ നിരന്തരം കടന്നാക്രമിക്കുന്നതിന് മാധ്യമശൃംഖല പ്രവര്‍ത്തിക്കുകയാണെന്നും എളയാവൂരില്‍ ഡിവൈഎഫ്‌ഐ സെക്കുലര്‍ സ്ട്രീറ്റ് ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ വീണ കുറേക്കാലമായി ഐടി കമ്പനി നടത്തുകയാണ്. രണ്ടുകമ്പനികള്‍ തമ്മിലുള്ള കരാര്‍ സംബന്ധിച്ചാണ് ഇപ്പോഴത്തെ പ്രചാരണം.
സേവനം നല്‍കിയിട്ടുണ്ടെന്ന് വീണയുടെ കമ്പനിയും കിട്ടിയിട്ടുണ്ടെന്ന് മറ്റേ കമ്പനിയും പറയുന്നു. വീണയുടെ കമ്പിനിയാകട്ടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുമില്ല. എന്നിട്ടും വെറുതെ വിവാദങ്ങളുണ്ടാക്കാനാണ് നോക്കുന്നത്.
വീണയുടെ ഭര്‍ത്താവും പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ മന്ത്രി മുഹമ്മദ് റിയാസിന്റെ സത്യവാങ്മൂലമാണ് പുതിയ കള്ളപ്രചാരവേലയ്ക്ക് ആയുധമാക്കുന്നത്.
മുഹമ്മദ് റിയാസിന്റെ സത്യവാങ്മൂലം പരിശോധിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. പാര്‍ട്ടി നേതാക്കളുടെ മക്കള്‍ക്കു നേരെ ആക്ഷേപം വന്നാല്‍ സിപിഎം സ്വീകരിക്കുന്ന നിലപാടുണ്ട്.
നേരത്തേ കോടിയേരിയുടെ കാര്യത്തിലും ആ നിലപാടാണ് എടുത്തത്. അത് ഇപ്പോഴും ബാധകമാണ്. പാര്‍ടിക്ക് ഒന്നും മറച്ചുവയ്ക്കാനില്ല. പാര്‍ട്ടി നേതാക്കളുടെ മക്കളെല്ലാം സജീവ പാര്‍ട്ടിക്കാര്‍ ആകണമെന്നില്ല.
വ്യവസായ രംഗത്തടക്കം പ്രവര്‍ത്തിക്കുന്നവരും പലവിധ സ്ഥാപനങ്ങള്‍ നടത്തുന്നവരുമുണ്ട്. അവരുടെ കാര്യങ്ങളെല്ലാം പാര്‍ടിയുടെ അക്കൗണ്ടില്‍ വയ്ക്കുന്നത് അംഗീകരിക്കാനാകില്ല.
എല്ലാം പറഞ്ഞുകൊണ്ടുതന്നെയാണ് പാര്‍ടി മുന്നോട്ടു പോകുന്നതെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.