വീട്ടില്‍ ടെലിവിഷനില്ലാത്ത കുട്ടികള്‍ക്ക് അയല്‍പക്ക പഠന കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നത് കെഎസ്‌എഫ്‌ഇയുടെ സഹായത്തോടെ; ടെലിവിഷന്‍ വാങ്ങാന്‍വേണ്ട പണത്തിന്റെ 75 ശതമാനവും സബ്സിഡി; ലാപ്ടോപ് വിതരണം കുടുംബശ്രീ വഴിയും; കേരളം വിദ്യാഭ്യാസ മേഖലയെ നവീകരിക്കുന്നത് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനത്തിന് വീട്ടില്‍ ടെലിവിഷനില്ലാത്ത കുട്ടികള്‍ക്ക് അയല്‍പക്ക പഠനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെ.എസ്.എഫ്.ഇ.)ന്റെ സഹായത്തോടെ. ടെലിവിഷന്‍ വാങ്ങാന്‍വേണ്ട പണത്തിന്റെ 75 ശതമാനം കെ.എസ്.എഫ്.ഇ. സബ്‌സിഡിയായി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരിതാശ്വാസനിധിയിലേക്ക് ജീവനക്കാര്‍ നല്‍കിയ ശമ്ബളത്തില്‍നിന്ന് ഇതിനുള്ള പണം കണ്ടെത്തും. ടെലിവിഷന്റെ 25 ശതമാനം ചെലവും പഠനകേന്ദ്രങ്ങള്‍ ഒരുക്കാനുള്ള ചെലവും തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കണം. അതിനായി സ്പോണ്‍സര്‍മാരെ കണ്ടെത്താമെന്നും നിര്‍ദ്ദേശമുണ്ട്.

ഇത്തരം കുട്ടികളുടെ പട്ടിക ഉടന്‍ തയ്യാറാക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ധനമന്ത്രി തോമസ് ഐസക്കും അറിയിച്ചു. ടെലിവിഷന്‍ ഇല്ലാത്ത കുട്ടികളുടെ അയല്‍പക്കത്തുതന്നെ പഠനകേന്ദ്രങ്ങള്‍ തയ്യാറാക്കണം. വായനശാലകളോ അങ്കണവാടികളോ സഹകരണ സ്ഥാപനങ്ങളോ മറ്റു സ്ഥാപനങ്ങളോ ഇതിനായി കണ്ടെത്താം. കേന്ദ്രങ്ങളുടെ പട്ടികയും അപേക്ഷയും കെ.എസ്.എഫ്.ഇ.ക്കു നല്‍കണം. കുടുംബശ്രീ വഴി ലാപ്‌ടോപ്പ് നല്‍കാനും കെ.എസ്.എഫ്.ഇ. സഹായിക്കും. കെ.എസ്.എഫ്.ഇ.യുടെ മൈക്രോ ചിട്ടിയില്‍ ചേരുന്ന കുടുംബശ്രീ സി.ഡി.എസുകളില്‍ ഇത് നടപ്പാക്കും. കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പായ കൊക്കോണിക്സ് ആണ് നല്‍കുക.

ഇപ്പോള്‍ വിക്ടേഴ്‌സ് ചാനലില്‍ മാത്രമേ പഠന പ്രക്ഷേപണമുള്ളൂ. വൈകാതെ കൂടുതല്‍ ചാനലുകളിലും ഓണ്‍ലൈന്‍ സംവിധാനങ്ങളിലും ക്ലാസുകള്‍ ഏര്‍പ്പെടുത്താമെന്നും മന്ത്രി അറിയിച്ചു. ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്ടോപ്പുകള്‍, 7000 പ്രോജക്ടറുകള്‍, 4545 ടെലിവിഷനുകള്‍ തുടങ്ങിയവ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശത്തുകൊണ്ടുപോയി ഉപയോഗിക്കാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. സംപ്രേഷണ സമയത്തോ ആദ്യ ദിവസങ്ങളിലോ ക്ലാസുകള്‍ കാണാന്‍ കഴിയാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ രക്ഷിതാക്കളും കുട്ടികളും ആശങ്കപ്പെടേണ്ട കാര്യമില്ല. ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേഷണമാണ് നടത്തുന്നത്. ജൂണ്‍ ഒന്നിലെ ക്ലാസുകള്‍ അതേ ക്രമത്തില്‍ ജൂണ്‍ എട്ടിന് തിങ്കളാഴ്ച പുനഃസംപ്രേഷണം ചെയ്യും.

ഉന്നത വിദ്യാഭ്യാസ മേഖലയിലും സമാനമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കമായിട്ടുണ്ട്. അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തില്‍ ടൈംടേബിളുകള്‍ തയ്യാറാക്കി അദ്ധ്യാപകര്‍ ഓണ്‍ലൈനില്‍ കൂടി ക്ളാസ്സുകള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്നത്. സാങ്കേതിക സംവിധനങ്ങളുടെയും ഇന്റര്‍നെറ്റിന്റെയും ലഭ്യതയെ അടിസ്ഥാനമാക്കി ലൈവ് ക്ലാസ്സുകള്‍ നല്‍കും. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് വേണ്ട സാങ്കേതിക സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ ലഭ്യമാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ കോളേജുകളിലോ അടുത്തുള്ള മറ്റു സ്ഥാപനങ്ങളിലോ ഒരുക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment