കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ചു കൊന്ന സംഭവത്തില്‍ അയല്‍ക്കാരനായിരുന്ന യുവാവ് അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലിനെ (23) ആണ് കൊച്ചിയില്‍നിന്ന് പൊലീസ് പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് മാധ്യമങ്ങളോടു പറഞ്ഞു. ഷാനി മന്‍സിലില്‍ ഷീബയാണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് എം.എ.അബ്ദുല്‍ സാലി മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.
പ്രതി തങ്ങിയ എറണാകുളത്തെ വീട്ടില്‍നിന്നു സ്വര്‍ണം കണ്ടെടുത്തു. മോഷ്ടിച്ച കാര്‍ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. പെട്രോള്‍ പമ്ബിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണു പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്. അങ്ങനെയാണ് എറണാകുളത്തു നിന്നു പ്രതിയെ പിടികൂടിയത്. പുലര്‍ച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.
വീട്ടില്‍നിന്നു പിണങ്ങിയിറങ്ങുന്ന പതിവുള്ള ഇയാള്‍ പലയിടത്തും കറങ്ങി നടന്ന ശേഷമാണ് ഇവരുടെ വീടിനു സമീപം എത്തിയത്. മോഷണ ഉദ്ദേശ്യത്തോടെയാണ് എത്തിയത്. മുമ്ബ് ഇവരുടെ വീടിനടുത്ത് താമസിച്ചിരുന്നയാളാണ്. കുടുംബവുമായി നല്ല പരിചയമുണ്ട്. സാമ്ബത്തിക ഇടപാടുകള്‍ ഉള്ളതായി ഇതുവരെ സൂചനയില്ല. പല ഹോട്ടലുകളിലും പാചക ജോലികള്‍ ചെയ്തിരുന്നയാളാണു പ്രതി. കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണിയാള്‍. ആദ്യം വീട്ടമ്മയുടെ ഭര്‍ത്താവിനെയാണ് ആക്രമിച്ചത്. പിന്നാലെ വീട്ടമ്മയെ ആക്രമിച്ചു. വീട്ടിലെ ടീപോയ് ഉപയോഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. ഒന്നിലധികം പേര്‍ കൃത്യത്തില്‍ പങ്കെടുത്തിരുന്നു എന്നാണ് പൊലീന്റെ വിലയിരുത്തല്‍. അതിനാല്‍ അന്വേഷണം തുടരുകയാണ്.