വീടുവിട്ട പെണ്‍കുട്ടിയുമായി പോലീസ് സംഘം വിശാഖപട്ടണത്തുനിന്ന് കേരളത്തിലേക്ക് തിരിച്ചു

തിരുവനന്തപുരം : കഴക്കൂട്ടത്ത്‌നിന്ന് വീടുവിട്ടിറങ്ങിയ അസം പെണ്‍കുട്ടിയുമായി പോലീസ് കേരളത്തിലേക്ക് തിരിച്ചു.

കുട്ടിയെ കണ്ടെത്തിയ വിശാഖപട്ടണത്തെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കുട്ടിയുമായി പോലീസ് സംഘം നാളെ തിരുവനന്തപുരത്തെത്തും. നാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കുട്ടിയുടെ സംരക്ഷണ കാര്യത്തില്‍ തീരുമാനമെടുക്കും.

വിശാഖപട്ടണത്തെ മലയാളികളാണ് കുട്ടിയെ കണ്ടെത്തി സുരക്ഷിതയായി തിരിച്ചയക്കാനുള്ള പ്രവര്‍ത്തനങ്ങലില്‍ പങ്കാളികളായത്. വിശാഖപട്ടണം സി ഡബ്ല്യു സി സംരക്ഷണയിലായിരുന്ന കുട്ടിയെ ഇന്നലെ വൈകിട്ടാണ് കഴക്കൂട്ടം എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് കൈമാറിയത്. ഇന്ന് രാവിലെ വരെ സി ഡബ്ല്യു സി സംരക്ഷണ കേന്ദ്രത്തിലായിരുന്ന കുട്ടിയെ പുത്തനുടുപ്പുകള്‍ നല്‍കി സന്തോഷത്തോടെയാണ് യാത്രയാക്കിയത്. ഇന്ന് 12 മണിയോടെ കുട്ടിയുമായി പോലീസ് കേരളത്തിലേക്ക് തിരിച്ചു.

പഠനം തുടരണമെന്നാണ് കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വീടു വിട്ടിറങ്ങിയ കുട്ടിയെ ബുധനാഴ്ചയാണ് വിശാഖപട്ടണത്തെ കേരള കലാസമിതി പ്രവര്‍ത്തകര്‍ ട്രെയിനില്‍ നിന്ന് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കേരള പൊലീസിനെയും ആര്‍ പി എഫിനെയും വിവരമറിയിക്കുകയായിരുന്നു.

മകളെ കണ്ടെത്താന്‍ സഹായിച്ചതില്‍ കേരളത്തിലെ ജനങ്ങളോടും പോലീസിനോടും നന്ദിയുണ്ടെന്ന് 13കാരിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. കുട്ടി സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച്‌ പോകുമെന്നും അവര്‍ അറിയിച്ചു.

Related posts

Leave a Comment