കൊല്ലം: പാമ്പു കടിയേറ്റ് ചികിത്സയിലിരുന്ന ഉത്ര വീണ്ടും പാമ്പുകടിയേറ്റതിനെ തുടര്‍ന്ന മരണമടഞ്ഞ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ പൊലീസ് കേസെടുത്തേക്കും. ഉത്രയുടെ ഭര്‍ത്താവിനെതിരെ നിര്‍ണ്ണായകമായ തെളിവുകള്‍ കണ്ടെത്തിയതായി സൂചന പുറത്തു വന്നു കഴിഞ്ഞു. മരണമടഞ്ഞ ഉത്രയുടെ ഭര്‍ത്താവ് സുരാജ് പാമ്പു പിടുത്തക്കാരനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെ സുരാജ് വിഷപ്പാമ്പുകളെ കുറിച്ച് യു ട്യൂബില്‍ തെരച്ചില്‍ നടത്തിയതായിട്ടാണ് പുതിയതായി കണ്ടെത്തിയത്. കൊല്ലത്തെ ഒരു പാമ്പു പിടിത്തക്കാരനുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന. ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് ചോദ്യം ചെയ്യും. അതിന് ശേഷമേ തെളിവുകളില്‍ അന്തിമ തീരുമാനം എടുക്കൂ.
ഉത്രയുടെ മരണത്തില്‍ ഏറെ ദുരൂഹതയുണ്ടെന്ന് പൊലീസും സമ്മതിക്കുന്നുണ്ട്. ശീതീകരിച്ച മുറിയിലായിരുന്നു രണ്ടാമത് പാമ്പുകടിയേറ്റപ്പോള്‍ ഉത്ര കിടന്നുറങ്ങിയത്. അന്ന് മുറിയുടെ ജനാല തുറന്നായിരുന്നു കിടന്നത് എന്നാണ് സുരാജ് നല്‍കി മൊഴി. തുറന്നിട്ട ജനാലയിലൂടെയായിരിക്കാം പാമ്പു അകത്തു വന്നതെന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാല്‍ എസിയുള്ള മുറിയില്‍ ജനാല തുറന്നിട്ടു എന്ന സുരാജിന്റെ മൊഴിയില്‍ പൊലീസിന് സംശയം തോന്നിയിരിക്കുകയാണ്. ഇതുള്‍പ്പെടുള്ള കാര്യങ്ങളില്‍ പൊലീസ് വ്യക്തത വരുത്തും. അതിനിടെ സഹോദരന് സ്വത്ത് കിട്ടാനാണ് ഉത്രയുടെ മാതാപിതാക്കള്‍ ആരോപണം ഉന്നിയക്കുന്നതെന്ന വാദം ശരിയല്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മാര്‍ച്ച് 2 നായിരുന്നു ഉത്രയെ ആദ്യം പാമ്പു കടിച്ചത്. ഇതേ തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് ഒപ്പം ചികിത്സയ്ക്കായി വീട്ടില്‍ കഴിയുമ്പോൾ മെയ് 7 നായിരുന്നു വീണ്ടും പാമ്പുകടിയേറ്റ് മരണമടഞ്ഞ നിലയില്‍ ഉത്രയെ കണ്ടെത്തിയത്. മകളെ സൂരാജ് കൊലപ്പെടുത്തിയതാണ് എന്ന കാണിച്ച് മാതാപിതാക്കള്‍ അഞ്ചല്‍ സിഐ യ്ക്ക് നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. ഉത്രയുടെ ഒന്നര വയസ്സുള്ള മകനെ സുരാജെത്തി കൂട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്.
ഏറം വെള്ളാശ്ശേരി വീട്ടില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകള്‍ ഉത്ര(25)യാണ് മരിച്ചത്. അടൂര്‍ പറക്കോട്ടുള്ള ഭര്‍ത്താവിന്റെ വീട്ടില്‍വച്ചാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റത്. അതിന്റെ ചികിത്സ തുടരവേ മെയ് ഏഴിന് സ്വന്തം വീട്ടില്‍വെച്ച് ഭര്‍ത്താവിന്റെയൊപ്പം ഒരേ മുറിയില്‍ തങ്ങുമ്ബോഴാണ് ഉത്രയ്ക്ക് വീണ്ടും പാമ്പുകടിയേറ്റത്. രാവിലെ ഉത്രയുടെ അമ്മ ചായയുമായി ചെന്നു വിളിച്ചപ്പോള്‍ മകള്‍ ചലനമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പാമ്പുകടിയേറ്റതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇടതുകൈയില്‍ പാമ്പു കടിച്ചതിന്റെ പാടും ഉണ്ടായിരുന്നു. വീട്ടിലെത്തി ഉത്രയും ഭര്‍ത്താവും കിടന്ന മുറി പരിശോധിച്ചപ്പോള്‍ മൂര്‍ഖനെ കണ്ടെത്തുകയും അതിനെ കൊല്ലുകയും ചെയ്തു.
രണ്ടുതവണ പാമ്പു കടിച്ചത് യുവതി അറിഞ്ഞില്ലെന്നത് സംശയാസ്പദമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. ആദ്യതവണ ഭര്‍ത്താവിന്റെ വീട്ടില്‍െവച്ച് ഉത്ര ബോധംെകട്ടുവീണപ്പോഴാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. പരിശോധനയിലാണ് പാമ്പു കടിയേറ്റ വിവരമറിയുന്നത്. അണലിയാണ് കടിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പിന്നീട് പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നു. ഇതിന്റെ മുറിപ്പാടുകള്‍ ഉണങ്ങുംമുന്‍പേയാണ് രണ്ടാമത് മൂര്‍ഖന്റെ കടിയേറ്റ് ഉത്ര മരിച്ചത്. രണ്ടാമത് പാമ്പുകടിയേറ്റ ദിവസം ദമ്പതിമാര്‍ എ.സി. മുറിയില്‍ രണ്ട് കട്ടിലിലാണ് കിടന്നത്. രാത്രി ഒന്‍പതരയ്ക്ക് ഉത്രയുടെ അമ്മ മുറിയുടെ ജനാലകള്‍ അടച്ചിരുന്നു.
പിന്നീട് ഭര്‍ത്താവ് സൂരജാണ് ജനാലകള്‍ തുറന്നിട്ടത്. ഭര്‍ത്താവും വീട്ടുകാരും കൂടുതല്‍ പണമാവശ്യപ്പെട്ട് ഉത്രയെ ശല്യംചെയ്തിരുന്നെന്നും ഇതുകാരണം മകളെ വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിക്കുന്നതിന് ആലോചിച്ചിരിക്കെയാണ് ആദ്യം പാമ്പുകടിയേറ്റതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. മുന്‍പ് ഭര്‍ത്തൃവീടിന്റെ മുകള്‍നിലയില്‍ ഒരു പാമ്പു കിടക്കുന്നതുകണ്ട് ഉത്ര ബഹളംവെച്ചപ്പോൾ സൂരജ് അതിനെയെടുത്ത് ചാക്കിലാക്കിയെന്ന് മകള്‍ പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പാമ്പിനെ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യമുള്ളയാളാണ് സൂരജെന്ന സംശയം തോന്നാന്‍ കാരണമിതാണെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞു.
മകളുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് രക്ഷിതാക്കള്‍ റൂറല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ഹരിശങ്കറിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌പി. അശോക് കുമാറിനെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍, കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്നും അഞ്ചല്‍ എസ്‌ഐ. പുഷ്പകുമാറാണ് അന്വേഷിക്കുന്നതെന്നും സിഐ. സി.എല്‍.സുധീര്‍ പറഞ്ഞു. സൂരജ് പാമ്ബുകളോടുള്ള താല്‍പ്പര്യവും പാമ്പുപിടുത്തക്കാരുമായുള്ള ബന്ധവും പൊലീസിന് വ്യക്തമായിട്ടുണ്ടെന്നാണ് സൂചനകള്‍.
ഉത്രയെ പാമ്പ് കടിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് അടൂരിലെ ഭര്‍തൃവീട്ടില്‍ ഉത്ര ഒരു പാമ്ബിനെ കണ്ടിരുന്നു. സൂരജ് ഇതിനെ പിടിച്ച് ചാക്കിലാക്കിയതായി ഉത്ര അന്ന് ബന്ധുക്കളോട് പറയുകയും ചെയ്തു. സൂരജിന് പാമ്പുകളെ ഭയമില്ലെന്ന നിര്‍ണായകമായ കാര്യത്തിലേക്ക് ഈ മൊഴികള്‍ വെളിച്ചം വീശുകയാണ്. മാത്രമല്ല, സൂരജിന് പാമ്പുപിടുത്തക്കാരുമായി ബന്ധമുണ്ടെന്ന് ഉത്രയുടെ അടുത്ത ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ സൂരജിനെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്.
ഉത്രയുടെ മരണം കൊലപാതകമാണന്ന് ബന്ധുക്കള്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഉത്രയുടെ അഞ്ചലിലെ വീട്ടിലെത്തിയ സംഘം വീടും പരിസരവും പരിശോധിച്ചു. ഉത്രയെ മരിച്ചനിലയില്‍ കണ്ടെത്തിയ മുറിയില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു. വീടിന് സമിപത്തെ മറ്റ് വീടുകളും പരിസരവും നേരിട്ട് കണ്ട് വിലയിരുത്തി. കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സ തുടരവെ വീണ്ടും പാമ്പുകടിയേറ്റ് യുവതി മരിച്ചു
സ്വര്‍ണവും സ്വത്തും തട്ടിയെടുക്കാന്‍ വേണ്ടി കരുതികൂട്ടി കൊലനടത്തിയതാണെന്ന് ഉത്രയുടെ ബന്ധുക്കള്‍ ആവര്‍ത്തിച്ച് പറയുന്നു. ഇതിനിടെ ഉത്രയുടെ ഭര്‍ത്താവ് സൂരജ് ഉത്രയുടെ അച്ഛനും സഹോദരനും എതിരെ വ്യാജ കേസുകള്‍ നല്‍കുന്നതായും ബന്ധുക്കള്‍ പറയുന്നു.