മുംബയ്: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ അംഗരക്ഷകനെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തു. മുംബയ് സ്വദേശിനിയായ ഒരു യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയായ കുമാര്‍ ഹെഗ്ഡെ വര്‍ഷങ്ങളോളം വിവാഹ വാഗ്ദാനം നല്കി പരാതിക്കാരിയായ യുവതിയെ വഞ്ചിക്കുകയും ശരീര ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. പിന്നീട് അമ്മയ്ക്ക് സുഖമില്ല എന്ന പേരില്‍ 50,000 രൂപ കടം വാങ്ങിയ ശേഷം കുമാറിനെക്കുറിച്ച് വിവരമൊന്നുമുണ്ടായില്ല. ഇതാണ് ഇയാള്‍ക്കെതിരെ യുവതി പരാതിപ്പെടാന്‍ കാരണം.
എട്ട് വര്‍ഷമായി താനും കുമാറും തമ്മില്‍ അടുപ്പത്തിലാണെന്നും വിവാഹിതരാകാതെ ലിവിംഗ് ടുഗദര്‍ ബന്ധമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. എപ്പോഴെങ്കിലും കുമാര്‍ വിവാഹം ചെയ്യുമെന്ന് പ്രതീക്ഷിച്ചു. ശരീരബന്ധത്തിന് തനിക്ക് താല്പര്യമില്ലാഞ്ഞിട്ടും പലപ്പോഴും കുമാര്‍ നിര്‍ബന്ധിച്ചു. ഒടുവില്‍ നാട്ടില്‍ അമ്മയ്ക്ക് സുഖമില്ല എന്ന പേരില്‍ 50,000 രൂപ വാങ്ങി നാട്ടിലേക്ക് പോയ കുമാര്‍ പിന്നീട് ഫോണ്‍ വിളിച്ചിട്ടോ സന്ദേശങ്ങളയച്ചിട്ടോ പ്രതികരണമില്ലാതെ വന്നപ്പോഴാണ് പരാതി നല്‍കിയത്.
മാണ്ഡ്യയിലെ ഹെഗ്ഗദഹളളിയിലെത്തിയ മുംബയ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വഞ്ചനയ്ക്കും പീഡനത്തിനുമാണ് കുമാര്‍ ഹെഗ്ഡെയ്ക്കെതിരെ കേസെടുത്തതെന്ന് മുംബയ് പൊലീസ് അറിയിച്ചു.