വിവാഹ വാഗ്ദാനം നല്‍കി പൊലിസുകാരുടെ ഉള്‍പ്പെടെ പണവും സ്വര്‍ണ്ണവും യുവതി അടിച്ചു മാറ്റി !

കാസർകോട്; പൊയിനാച്ചി സ്വദേശിയായ യുവാവില്‍നിന്നു പണവും സ്വർണവും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതിയെ കാസർകോട് മേല്‍പറമ്ബ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ചെമ്മനാട് കൊമ്ബനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെ (35) ആണ് പൊലീസ് ഉ‍‍ഡുപ്പിയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നു പിടികൂടിയത്.

തൃശൂർ സ്വദേശിയായ പൊലീസുകാരൻ കുടുങ്ങിയത് മാട്രിമോണിയിലൂടെ വന്ന വിവാഹ ആലോചനയിലാണ്.

പൊലീസുകാരനില്‍ നിന്ന് പണം തട്ടാൻ കണ്ണൂരിലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ കൂട്ടുനിന്നെന്നും വിവരം പുറത്തുവരുന്നുണ്ട്.

പയ്യാവൂർ പൊലീസ് സ്റ്റേഷനിലെ സി ഐ ആണെന്നും അമ്മാവനെന്നും പറഞ്ഞ് ശ്രുതി ഇയാളെ പരിചയപ്പെടുത്തിയിരുന്നു. ഇയാളുടെ അക്കൗണ്ടിലേക്ക് മാത്രം ശ്രുതി അയപ്പിച്ചത് രണ്ടര ലക്ഷം രൂപയാണ്.

കേരളത്തിലെ നിരവധി പൊലീസ് ഉദ്യോഗസ്ഥരും തട്ടിപ്പില്‍ അകപ്പെട്ടിട്ടുണ്ടെന്നാണു സൂചന. സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തില്‍ ജൂണ്‍ 21നാണു ശ്രുതിക്കെതിരെ യുവാവു പരാതി നല്‍കിയത്.

ഒളിവിലായിരുന്ന ശ്രുതിക്ക് വേണ്ടി പൊലീസ് ഊർജിതമായി അന്വേഷണം നടത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം കാസർകോട് ‍ജില്ലാ കോടതി ശ്രുതിക്കു മുൻകൂർ ജാമ്യം നിഷേധിച്ചു. ഇതോടെയാണു തട്ടിപ്പുകാരിയായ യുവതിയെ പിടികൂടിയത്.

വരനെ ആവശ്യമുണ്ടെന്നു പോസ്റ്റ് ചെയ്ത ശേഷം ബന്ധപ്പെടുന്നവരുമായി യുവതി സൗഹൃദം സ്ഥാപിക്കുന്നതായിരുന്നു രീതി.

തുടർന്ന് യുവാക്കളില്‍നിന്നു പണവും സ്വർണവും ആവശ്യപ്പെടും. ഇവർക്കെതിരെ സമാനമായ ഒട്ടേറെ കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

നേരത്തെ തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ കേരള പൊലീസിലെ ഒരു എസ്.ഐക്കെതിരെ മംഗളുരുവില്‍ യുവതി പരാതി നല്‍കിയിരുന്നു.

ആശുപത്രിയില്‍ വച്ച്‌ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഐഎസ്‌ആർഒ, ഇൻകംടാക്സ് ഉദ്യോഗസ്ഥ ചമഞ്ഞാണ് ഇവർ പലരേയും കബളിപ്പിച്ചിരുന്നത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് ശ്രുതി പരാതിക്കാരനായ പൊയിനാച്ചി സ്വദേശിയായ യുവാവിനെയും പരിചയപ്പെട്ടത്.

ഐഎസ്‌ആർഒ ഉദ്യോഗസ്ഥയാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ഇതിനായി ചില വ്യാജ രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

പിന്നീട് യുവാവില്‍ നിന്ന് ഒരു ലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുക്കുകയായിരുന്നു. യുവതിക്കെതിരെ പരാതിയുമായി എത്തിയ മറ്റൊരു യുവാവിനെ, മംഗളുരുവില്‍ വച്ച്‌ ലൈംഗികാതിക്രമക്കേസില്‍ ശ്രുതി കുടുക്കിയിരുന്നു. മംഗളുരുവില്‍ ജയിലിലായ യുവാവില്‍നിന്ന് 5 ലക്ഷം രൂപയും ശ്രുതി തട്ടിയെടുത്തു.

കേസില്‍ പിന്നീട് യുവാവ് ജാമ്യത്തില്‍ ഇറങ്ങിയതോടെയാണ് ശ്രുതിയുടെ തട്ടിപ്പിന്റെ ആഴം വ്യക്തമായത്.

ഇതിന് പിന്നാലെയാണ് പൊയിനാച്ചി സ്വദേശിയായ യുവാവിന്റെ പരാതിയില്‍ മേല്‍പറമ്ബ് പൊലീസ് കേസെടുക്കുകയായിരുന്നു.

ശ്രുതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ വൈകാതെ കോടതിയില്‍ ഹാജരാക്കും.

Related posts

Leave a Comment