തൃശൂര്‍: അയ്യന്തോള്‍ പഞ്ചിക്കല്‍ ഫ്‌ളാറ്റ് കൊലപാതകക്കേസ് മലയാളി മനസാക്ഷിയെ ഞെട്ടിച്ച കൊലക്കേസായിരുന്നു. പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. ഇതിന് നിര്‍ണായകമായത് 5 വയസുകാരിയുടെ മൊഴിയായിരുന്നു. അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്‌ളാറ്റില്‍ ഷൊര്‍ണൂര്‍ മഞ്ഞക്കാട് ലതാനിവാസില്‍ സതീശനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കൊടകര വെട്ടിക്കല്‍ വാസുപുരം റഷീദ് , മറ്റത്തൂര്‍ വാസുപുരം മാങ്ങാറില്‍ കൃഷ്ണപ്രസാദ് , കാമുകി ഗുരുവായൂര്‍ വല്ലശ്ശേരി തൈക്കാട് വീട്ടില്‍ ശാശ്വതി എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. ഇതിലെ റഷീദാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചകളില്‍ എത്തുന്നത്.
കൊടി സുനിയെന്നാല്‍ കേരളത്തിലെ ഏറ്റവും വലിയ ഗുണ്ടാ നേതാവാണ്. ജയിലില്‍ ഇരുന്നു പോലും ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന കണ്ണൂരിലെ മാഫിയാ തലവന്‍. ഇതേ കൊടിസുനിയെ ജയിലിനുള്ളില്‍ കൊല്ലാന്‍ ക്വട്ടേഷന്‍ എടുത്തത് റഷീദാണ്. ചെറുതായൊന്ന് പാളിയപ്പോള്‍ ആ കഥ പുറം ലോകത്ത് എത്തി. ഇതോടെ അയ്യന്തോള്‍ ഫ്‌ളാറ്റ് കൊലയും ചര്‍ച്ചയായി. ഈ കേസില്‍ കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയ ശാശ്വതിയുടെ അഞ്ചുവയസുകാരി മകള്‍ സംഭവസമയത്ത് ഫ്‌ളാറ്റില്‍ ടിവി കണ്ടിരിക്കുന്നുണ്ടായിരുന്നു. ഇതിനിടെ അടച്ചുകിടക്കുന്ന മുറിയിലെ ബഹളം കേട്ട് താക്കോല്‍പഴുതിലൂടെ നോക്കിയപ്പോള്‍ കൂരമര്‍ദനം നടക്കുന്നതു കണ്ടതായി കുട്ടി പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതു കോടതി നിര്‍ണായക തെളിവായി സ്വീകരിച്ചു. അങ്ങനെയാണ് റഷീദും കൂട്ടരും അകത്തായത്.
റഷീദിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തെക്കുറിച്ചുള്ള വിവരം പുറത്താകാതിരിക്കാനായി റഷീദും കാമുകി ശാശ്വതിയും സുഹൃത്ത് കൃഷ്ണപ്രസാദും ചേര്‍ന്ന് സതീശനെ കൊലപ്പെടുത്തുകയായിരുന്നു. 2016 മാര്‍ച്ച് മൂന്നിന് അയ്യന്തോള്‍ പഞ്ചിക്കലുള്ള പിനാക്കിള്‍ ഫ്‌ളാറ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷൊര്‍ണൂര്‍ ലത നിവാസില്‍ സതീശനെ ഫ്‌ളാറ്റില്‍ രണ്ടുദിവസം ഭക്ഷണം നല്‍കാതെ പൂട്ടിയിട്ട് പിന്നീട് കൊലപ്പെടുത്തിയെന്നാണ് കേസ്. അതിക്രൂരമായിരുന്നു കൊല.
കുഴല്‍പ്പണമിടപാടുള്ള റഷീദിന്റെ ബിസിനസ് രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നു സംശയിച്ചാണ് 2016 ല്‍ പഞ്ചിക്കലിലെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് സതീശനെ 2 ദിവസം തുടര്‍ച്ചയായി മര്‍ദിച്ചത്. കല്ലുകൊണ്ടിടിച്ചും മറ്റും പ്രാകൃതമായി മര്‍ദിച്ചതിനുശേഷം മൂത്രം കുടിപ്പിച്ചു. പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. റഷീദിനെതിരെ ബെംഗളൂരു പൊലീസ് മറ്റൊരു കൊലപാതകക്കേസും ചുമത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റായിരുന്നു അയ്യന്തോള്‍ കൊലക്കേസ് സമയത്ത് റഷീദ്.
റഷീദിന്റെ കാമുകിയാണ് ശാശ്വതി. മറ്റൊരു വിവാഹത്തില്‍ ഒരു കുട്ടിയുള്ള ആളാണ് റഷീദ്. എന്നിട്ടും റഷീദുമായി ശാശ്വതി പ്രണയത്തിലാകുകയായിരുന്നു. ശാശ്വതിക്കും കുട്ടിയുണ്ട്. റഷീദിനെ കൂടാതെ തന്നെ കൊടകര വാസുപുരം സ്വദേശി മാങ്ങാറി വീട്ടില്‍കൃഷ്ണപ്രസാദുമായും ശാശ്വതി ബന്ധം പുലര്‍ത്തിയിരുന്നു. സതീഷിനും ഇക്കാര്യം അറിയാമായിരുന്നു. മൂന്നുപേരുമായും അവിഹിത ബന്ധത്തിലാണെന്ന് ഇവര്‍ക്കു പരസ്പരം അറിയാമായിരുന്നു. എന്നാല്‍ റഷീദുമായിട്ടായിരുന്നു കൂടുതല്‍ ബന്ധം. ഇങ്ങനെ ബന്ധത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതത്തില്‍ കലാശിച്ചത്.
ശാശ്വതിയും റഷീദും മറ്റു രണ്ടുപേരും കൊടൈക്കനാലില്‍ പോയിരുന്നു. ഇവിടെവച്ചുണ്ടായ സംഭവത്തിന്റെ പേരിലായിരുന്നു തര്‍ക്കം തുടങ്ങിയത്. കൃഷ്ണപ്രസാദും റഷീദും ചേര്‍ന്നു സതീഷിനെ മര്‍ദിക്കുകയായിരുന്നു. അവശനിലയിലായിരുന്ന സതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടന്ന ഫ്ളാറ്റില്‍ യുവതിയും മൂന്നു യുവാക്കളും ഇടയ്ക്കിടെ ഒത്തുകൂടാറുണ്ടായിരുന്നു. ഇടയ്ക്കു റഷീദും ശാശ്വതിയും മാത്രമായും വരാറുണ്ടായിരുന്നു.
ഷൊര്‍ണൂരില്‍ ബസ് ഡ്രൈവറായിരുന്ന സതീശന്‍ ജോലി അന്വേഷിച്ച് സുഹൃത്തിനൊപ്പം കൊടൈക്കനാലിലെ റിസോര്‍ട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. കൊടൈക്കനാലില്‍ സുഹൃത്ത് നടത്തുന്ന റിസോര്‍ട്ടില്‍ ടൂറിസ്റ്റുകള്‍ക്കുള്ള വാഹനത്തിന്റെ ഡ്രൈവര്‍ ജോലിയായിരുന്നു സതീശന്റെ ലക്ഷ്യം. സതീശന് ജോലി വാഗ്ദാനം ചെയ്ത കൂട്ടുകാരന്‍ കേസിലെ മുഖ്യപ്രതിയായ റഷീദിന്റെ ഡ്രൈവറായിരുന്നു. ആ കൂട്ടുകാരനൊപ്പമാണ് കൊടൈക്കനാലിലേക്ക് പുറപ്പെട്ടത്. പോകുംവഴി റഷീദിനെ കാണാനായി കൂട്ടുകാരന്‍ ഫ്ളാറ്റിലേക്കു പോയി. മടങ്ങിവന്നപ്പോള്‍ റഷീദും കാമുകിയായ ശാശ്വതിയും കൂടെ ഉണ്ടായിരുന്നു. കൊടൈക്കനാല്‍ യാത്രയില്‍ അവരും ചേര്‍ന്നു. കൊടൈക്കനാലില്‍ വിദേശികള്‍ പങ്കെടുത്ത ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത അവര്‍ക്ക് നാട്ടിലേക്ക് തിരികെ ഉടന്‍ വരാന്‍ കഴിഞ്ഞില്ല,
ഡി.ജെ പാര്‍ട്ടിക്കുശേഷം സ്വന്തം വാഹനത്തില്‍ തിരികെ പോകാന്‍ കഴിയാതായ റഷീദിനെയും കാമുകിയെയും നാട്ടിലെത്തിക്കാന്‍ സുഹൃത്താണ് സതീശനോട് ആവശ്യപ്പെട്ടത്. അയ്യന്തോളിലെ ഫ്ളാറ്റിലെത്തി അന്ന് അവിടെ തങ്ങിയ സതീശനോട് തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തിരു കൊച്ചി ബാങ്കില്‍ ജോലിതരപ്പെടുത്തി നല്‍കാമെന്നും അതിന് ചെലവു ചെയ്യണമെന്നും റഷീദ് പറഞ്ഞു. കൈവശം പണമില്ലാതിരുന്ന സതീശന്‍ ഷൊര്‍ണൂരിലുള്ള പിതാവിന്റെ പക്കല്‍ നിന്ന് പണംവാങ്ങി മദ്യവുമായി ഫ്ളാറ്റിലേക്ക് മടങ്ങി. ഇതിനിടെ ഫോണില്‍ വിളിച്ച സുഹൃത്തിനോട് റഷീദുമായി പരിചയപ്പെട്ടതും യാത്രയും ജോലി വാഗ്ദാനവുമെല്ലാം വെളിപ്പെടുത്തി.
റഷീദിനെ അറിയാവുന്ന സുഹൃത്ത് അയാളുമായുള്ള അടുപ്പം നല്ലതല്ലെന്ന് സതീശനെ താക്കീത് ചെയ്തു. ജോലി ലഭിക്കുമെന്ന് വിശ്വസിച്ച സതീശന്‍ സുഹൃത്തിന്റെ ഉപദേശം അവഗണിച്ചു. റഷീദിന്റെ ഫ്ളാറ്റില്‍ തന്നെ തങ്ങി. അതിനിടെ വീണ്ടും സതീശനെ ഫോണില്‍ വിളിച്ച സുഹൃത്ത് റഷീദിന്റെ വാക്കുകള്‍ വിശ്വസിക്കരുതെന്നും എത്രയും പെട്ടെന്ന് അവിടെ നിന്ന് മടങ്ങണമെന്നും നിര്‍ബന്ധിച്ചു. തന്റെ ഉപദേശം സതീശന്‍ കാര്യമാക്കാത്തതില്‍ രോഷം കൊണ്ട സുഹൃത്ത് ഫോണിലൂടെ വിരട്ടി. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം ശ്രദ്ധിച്ച റഷീദ് ഫോണ്‍ പിടിച്ചുവാങ്ങി സതീശന്റെ സുഹൃത്തിനെ ശകാരിച്ചു. ശാശ്വതിയുമായുള്ള കൊടൈക്കനാല്‍ യാത്രയും റഷീദിന്റെ ഫ്ളാറ്റിലെ വാസവും സതീശന്റെ സുഹൃത്ത് ഫോണിലൂടെ തിരികെ ചോദ്യം ചെയ്തു.
ഫ്ളാറ്റില്‍ നടന്ന കാര്യങ്ങള്‍ സതീശന്‍ ഡ്രൈവറായ കൂട്ടുകാരനെ അറിയിച്ചതില്‍ തോന്നിയ പകയാണ് പ്രശ്നമായി മാറിയതെന്ന് പൊലീസ് പറയുന്നു. സതീശന്‍ യുവതിയെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചെന്ന സംശയവും റഷീദിനുണ്ടായി. പ്രകോപിതനായ റഷീദ് സതീശനെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി സാങ്കല്‍പ്പിക കസേരയില്‍ ഇരുത്തി. സദാസമയവും കാറില്‍ കൊണ്ടുനടക്കാറുള്ള ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് സതീശനെ മര്‍ദ്ദിച്ചശേഷം കക്കൂസില്‍ പൂട്ടിയിട്ടു. ദിവസങ്ങളോളം കക്കൂസില്‍ പൂട്ടിയിട്ട് സതീശനെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയാക്കുമ്ബോഴും പ്രതികള്‍ അവിടെ മദ്യപാനവും ശാശ്വതിയുമായി ആട്ടവും പാട്ടും നടത്തി മടങ്ങി.
ഫ്ളാറ്റിലെ രഹസ്യങ്ങള്‍ ചോര്‍ന്നതിന്റെ പകയൊടുങ്ങാത്ത റഷീദിന്റെ നിര്‍ദ്ദേശമനുസരിച്ച് ശാശ്വതിയും കൃഷ്ണപ്രസാദും കക്കൂസിന് പുറത്തിറക്കി സതീശനെ ക്രൂരമായി ഉപദ്രവിച്ചു. മര്‍ദ്ദനം സഹിക്കാതെ മൂത്രമൊഴിച്ച സതീശനെ കൊണ്ട് ആ മൂത്രം നക്കിച്ചു. കുഴഞ്ഞുവീണപ്പോള്‍ കുടിക്കാന്‍ വെള്ളം ചോദിച്ച സതീശന്റെ മുഖത്തേക്ക് റഷീദ് മൂത്രമൊഴിച്ചു. അത് പിന്നെ കൊലപാതകമായി. മുന്‍ ഭര്‍ത്താവ് പ്രമോദുമായി വിവാഹ മോചനം നേടിയ ശേഷമാണ് ശാശ്വതി റഷീദുമായി അടുക്കുന്നത്. തൊട്ടടുത്ത ഫ്ളാറ്റ് റഷീദിന് സ്വന്തമാക്കാന്‍ അവസരം ഒരുക്കിയത് ശാശ്വതിയാണ്. റഷീദിന്റെ കള്ളപ്പണ ബന്ധക്കളെ കുറിച്ചും സതീഷിന് അറിയാമായിരുന്നു.
ഇക്കാര്യം ശാശ്വതിയെയും അറിയിച്ചു. ഇതും കൊലപാതകത്തിന് പ്രേരണയായി. മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്നു യുവതി ഉള്‍പ്പെടെയുള്ളവര്‍. ഡിജെ പാര്‍ട്ടികളോടും മറ്റും ശാശ്വതിക്ക് ഭ്രമമുണ്ടായിരുന്നു. ശാശ്വതിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് റഷീദും മറ്റും കോയമ്ബത്തൂരിലെ ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്ക് പോയതും. യൂത്ത് കോണ്‍ഗ്രസ് നേതാവായ റഷീദ് അനവധി കേസുകളിലെ പ്രതിയാണ്. ഇയാളുടെ സ്വഭാവ ദൂഷ്യത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എങ്കിലും നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.
വിയ്യൂരില്‍ സംഭവിച്ചത്
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഫോണ്‍വിളി വിവാദത്തിന് പിന്നില്‍ കൊടി സുനിയെ വധിക്കാനുള്ള ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലേക്ക് ജയില്‍ വകുപ്പ് എത്തി കഴിഞ്ഞു. കൊടി സുനിയും സഹതടവുകാരനും ജയില്‍ സൂപ്രണ്ടിനും ഐ.ജിക്കും നല്‍കിയ പരാതി പൂഴ്‌ത്തിയെന്ന വിവരം പുറത്തുവന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. അയ്യന്തോള്‍ ഫ്ളാറ്റ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് നേതാവ് റഷീദും തീവ്രവാദ കേസ് പ്രതി അനൂപുമാണ് കൊലപാതകത്തിന് ക്വട്ടേഷന്‍ എടുത്തത്. പുറത്ത് നിന്നുള്ള സ്വര്‍ണക്കടത്ത് സംഘമാണ് പിന്നിലെന്നാണ് സംശയം. ജയിലിലിരുന്ന് കൊടി സുനിയും റഷീദും പുറത്തെ നിരവധി ക്വട്ടേഷന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഇടപ്പെട്ടതിന്റെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു.
ഇന്നലെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയ ഡിഐജി എം.കെ.വിനോദ്കുമാര്‍ കൊലക്കേസ് പ്രതി റഷീദിന്റെയും വിയ്യൂരില്‍ നിന്നു സ്ഥലം മാറി എത്തിയ 4 ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ജയില്‍ ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ വൈകിട്ടു നടത്തിയ മിന്നല്‍ പരിശോധനയില്‍ 4 സിം കാര്‍ഡുകള്‍ പിടികൂടുകയും ചെയ്തു. 2 തടവുകാരെ അതീവസുരക്ഷാ ജയിലിലേക്കു മാറ്റി. മധ്യമേഖലാ ഡിഐജി സാം തങ്കയ്യന്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍, സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായ കൊലക്കേസ് പ്രതി റഷീദ് ഒരു മാസത്തിനിടെ ആയിരത്തിലധികം തവണ ഫോണ്‍ വിളിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളെ പൂജപ്പുരയിലേക്കു മാറ്റിയത്. ടിപി കേസ് പ്രതി കൊടി സുനി, തന്നെ വകവരുത്താന്‍ റഷീദ് 5 കോടി രൂപയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തതായി ഡിഐജിക്കു മൊഴി നല്‍കിയിരുന്നു. റഷീദ് ക്വട്ടേഷന്‍ ആരോപണം നിഷേധിച്ചെങ്കിലും ഇതിന്റെ തെളിവുകള്‍ ജയില്‍ വകു്പ്പിനും കിട്ടിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കണമെന്നു ജയില്‍ ഡിജിപിയെ വിളിച്ചു വരുത്തി മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ജയില്‍ ഡിഐജിക്കുള്ള നിര്‍ദ്ദേശം. അതിനാല്‍ ഉടന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കും.
കൊടി സുനിയെ വധിക്കാന്‍ ജയിലില്‍ ക്വട്ടേഷന്‍. ഫ്‌ളാറ്റ് കൊലക്കേസില്‍ ശിക്ഷയനുഭവിക്കുന്ന റഷീദിനും തീവ്രവാദക്കേസില്‍ ജയിലില്‍ കിടക്കുന്ന അനൂപിനുമാണ് സുനിയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് മൊഴി. കാസര്‍കോടുനിന്നും പെരുമ്ബാവൂരില്‍നിന്നുമുള്ള ഗുണ്ടാസംഘമാണ് ഇതിനു പിന്നിലെന്നാണ് റഷീദ് പറഞ്ഞത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ക്വട്ടേഷനാണോയെന്ന സംശയമുണ്ട്. സ്വര്‍ണക്കടത്തിലെ കൊടുവള്ളിസംഘമുള്‍പ്പെടെയുള്ളവര്‍ക്ക് സുനിയോട് വിരോധമുണ്ടെന്നാണ് അറിയുന്നത്. ഇത് സാധൂകരിക്കുന്ന തെളിവുകളും ജയില്‍ വകുപ്പിന് കിട്ടി.
ജയിലില്‍ കാണാനെത്തിയ സുഹൃത്തിനോട് കൊടി സുനി തന്നെ ഇത് വെളിപ്പെടുത്തുകയും ചെയ്തു. സുനിയെ തലയ്ക്കടിച്ചുകൊല്ലാന്‍ സഹതടവുകാരനായ വാടാനപ്പള്ളി സ്വദേശി ബിന്‍ഷാദിനോട് റഷീദ് ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. 10 ലക്ഷം രൂപയാണ് ഇവര്‍ വാഗ്ദാനം ചെയ്തത്. ബിന്‍ഷാദ് സംഭവം സുനിയോട് പറയുകയായിരുന്നു. ദിവസങ്ങള്‍ക്കുശേഷം റഷീദും സുനിയും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ക്വട്ടേഷന്‍കാര്യം റഷീദ് തന്നെ സുനിയെ നേരിട്ടറിയിച്ചു. അതായത് 5 കോടിക്ക് കൊടി സുനിയെ കൊല്ലാന്‍ റഷീദ് ക്വട്ടേഷന്‍ എറ്റെടുത്തു. അത് 10 ലക്ഷം രൂപയുടെ സബ് ക്വട്ടേഷനായി ബിന്‍ഷാദിനെ ഏല്‍പ്പിച്ചു. ഇതാണ് നിര്‍ണ്ണയകമായത്. ്
സുനിയുടെ പരാതിയെത്തുടര്‍ന്നാണ് ജയില്‍ സൂപ്രണ്ട് ബിന്‍ഷാദിന്റെ മൊഴി രേഖപ്പെടുത്തിയത്. പക്ഷേ, ഇത് പൊലീസിന് കൈമാറുകയോ കേസെടുക്കുകയോ ചെയ്തില്ല. മറ്റൊരാളുടെ ഫോണ്‍ വഴി വിവരം പുറത്തറിയിക്കാന്‍ ശ്രമിച്ചപ്പോഴാണ് മൊബൈല്‍ ഫോണ്‍ പിടികൂടിയതെന്നും സുനി പറയുന്നു. തുടര്‍ന്നാണ് അതിസുരക്ഷാ ജയിലിലേക്ക് സുനിയെ മാറ്റിയത്. റഷീദ് ജയിലില്‍ പൂര്‍ണസ്വാതന്ത്ര്യമാണ് അനുഭവിച്ചിരുന്നതെന്ന് മറ്റു തടവുകാര്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ഇവിടെ അനധികൃത ഫോണ്‍ ഉപയോഗിക്കുന്നത്.