പത്തനംതിട്ട: പീഡനക്കേസില്‍ പ്രതിയായ നേതാവിനെ പാർട്ടിയിലേക്ക് തിരികെയെടുത്ത് സി പി എം. തിരുവല്ല ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന സിസി സജിമോനെയാണ് സി പി എം തിരിച്ചെടുത്തത്.
പീഡനക്കേസിന് പുറമെ തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള ആരോപണങ്ങളും നേരിടുന്ന പ്രതിയാണ് സജിമോന്‍.
വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നതായിരുന്നു സജിമോനെതിരായ കേസ്.
കേസില്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡി എന്‍ എ പരിശോധന നടത്തിയെങ്കിലും പരിശോധന ഫലം അട്ടിമറിച്ചു,
പാർട്ടി പ്രവർത്ത കൂടിയായ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്നീ കേസുകളിലും പ്രതിയാണ് സജിമോന്‍.
വനിതാ നേതാവിനെ ലഹരി നല്‍കി നഗ്നവീഡിയോ ചിത്രീകരിച്ച കേസും സജിമോനെതിരായിട്ടുണ്ട്.
കേസുകളില്‍ പ്രതിയാക്കപ്പെട്ടതോടെ ഇയാള്‍ക്കെതിരെ 2018-ലാണ് പാര്‍ട്ടി ആദ്യം നടപടിയെടുക്കുന്നത്. അന്ന് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ വർഷം പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
എന്നാല്‍ ഒരേ വിഷയത്തില്‍ തനിക്കെതിരെ രണ്ട് നടപടിയുണ്ടായി എന്നുകാണിച്ച് സജിമോന്‍ കണ്‍ട്രോള്‍ കമ്മിഷന് പരാതി നല്‍കുകയായിരുന്നു.
കണ്‍ട്രോള്‍ കമ്മിഷന്‍ സജിമോന്റെ പരാതി പരിശോധിക്കുകയും നടപടിയില്‍ പാകപ്പിഴകളുണ്ടായി എന്ന് വിലയിരുത്തുകയും ചെയ്തു.
ഇതോടെയാണ് പ്രാഥമികാംഗത്വത്തിലേക്ക് തിരിച്ചെടുത്തത്.
അംഗത്വം ലഭിച്ചതിന് പിന്നാലെ തിരുവല്ല നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയിലേക്ക് ഇയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു.
തിരുവല്ലയിലെ ഔദ്യോഗിക പക്ഷത്തിന്റെ അടുത്ത ആളായി അറിയപ്പെടുന്ന വ്യക്തിയാണ് സജിമോന്‍.
ഇതാണ് പാർട്ടിയിലേക്ക് തിരിച്ചെത്താന്‍ സഹായിച്ചതെന്നാണ് സൂചന.
തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സജിമോന്‍. ഇയാള്‍ക്കൊപ്പം ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ നാസറിനെതിരെയും പൊലീസ് കേസെടുത്തിരുന്നു.
കാറില്‍വച്ച് യുവതിക്ക് ജ്യൂസ് നല്‍കി മയക്കി പീഡിപ്പിച്ച് നഗ്‌നചിത്രം പകര്‍ത്തിയെന്ന കേസിലാണ് നാസറും പ്രതിയായത്.
യുവതിയെ കാറില്‍ കയറ്റി അവരെ മയക്കിക്കിടത്തി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ഭീഷണിപ്പെടുത്തിയത്.
ചിത്രം പുറത്ത് വിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.