വിവാഹത്തിന് മുമ്പേ ലക്ഷങ്ങള്‍ കിട്ടിയിട്ടും ഭര്‍തൃ വീട്ടില്‍ നേരിട്ടത് പീഡന പര്‍വ്വം; സഹോദരിക്ക് സ്‌കൂട്ടര്‍ വാങ്ങണമെന്ന ആവശ്യം നിരാകരിച്ചതോടെ പക തുടങ്ങി; മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച്‌ കൊന്നിട്ട് ഉത്രയുടെ മൃതദേഹത്തിനുമുന്നില്‍ അലറിക്കരഞ്ഞ് നാടകം കളിച്ചത് സഹോദരനും സഹോദരിയും; ഗാര്‍ഹിക പീഡനത്തിനും തെളിവ് നശീകരണത്തിലും രേണുകയേയും സൂര്യയേയും അറസ്റ്റ് ചെയ്യും; ഇരുവരും തങ്ങളുടെ പങ്ക് സമ്മതിച്ചതായി സൂചന; ഉത്ര കൊലക്കേസില്‍ കൂടുതല്‍ പ്രതികള്‍

പത്തനംതിട്ട: ഗാര്‍ഹിക പീഡന കേസില്‍ സൂരജിന്റെ അമ്മയേയും സഹോദരിയേയും പൊലീസ് അറസ്റ്റ് ചെയ്യും. കോവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ അറസ്റ്റിന് ശേഷം ഇരുവരേയും ജാമ്യത്തില്‍ വിടാനും സാധ്യതയുണ്ട്. ഉത്ര വധക്കേസില്‍ ഒന്നാം പ്രതിയും ഭര്‍ത്താവുമായ സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. സൂരജ് ഒന്നാം പ്രതിയും അച്ഛന്‍ സരേന്ദ്ര പണിക്കര്‍ രണ്ടാം പ്രതിയുമാകാനാണ് സാധ്യത. സഹോദരിയും അമ്മയും മൂന്നും നാലും പ്രതികളാകും. സഹോദരിയുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തിലാണ്.
പത്തനംതിട്ട ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. പത്തരയോടെയാണ് ഇവര്‍ അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരായത്. നോട്ടീസ് നല്‍കിയാണ് ഇവരെ അന്വേഷണ സംഘം വിളിപ്പിച്ചത്. ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനവും സ്ത്രീധന പീഡനവും അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് ഇരുവരേയും അറസറ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ വനിതാ കമ്മീഷന്‍ അന്വേഷണ സംഘത്തോട് വിശദീകരണം തേടിയിരുന്നു. ഗാര്‍ഹിക പീഡനവും സ്ത്രീധന പീഡനവും അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണ് അന്വേഷണ സംഘം അന്നു നല്‍കിയ മറുപടി. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമുള്ളത്.

സൂരജിന്റെ അമ്മയേയും സഹോദരിയേയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അഞ്ചു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വിട്ടയക്കുകയായിരുന്നു. ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിച്ചതില്‍ അമ്മയ്ക്കും സഹോദരിക്കും പങ്കുണ്ടെന്ന സൂചനയാണ് സൂരജിനെയും അച്ഛന്‍ സുരേന്ദ്രനേയും ചോദ്യം ചെയ്തപ്പോള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഇതാണ് നിര്‍ണ്ണായകം. തെളിവെടുപ്പില്‍ വീട്ടിലെ മീനകുളത്തിനു സമീപം കഴിച്ചിട്ടിരുന്ന മുപ്പത്തിയേഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിരുന്നു. ബാങ്ക് ലോക്കറില്‍ പത്തു പവനും ആറു പവന്‍ വായ്പ വച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ അമ്മ മണിമേഖല തിരിച്ചറിയുകയും ചെയ്തിരുന്നു. 110പവന്‍ സ്വര്‍ണമാണ് ഉത്രയ്ക്കും കുഞ്ഞിനുമായി നല്‍കിയതെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. അധികമാരോടും അടുപ്പമില്ലാത്ത, വീടിനുള്ളില്‍ത്തന്നെ ഒതുങ്ങിക്കൂടുന്ന പ്രകൃതമായിരുന്നു സൂരജ്. ഗൃഹോപകരണങ്ങള്‍ തവണവ്യവസ്ഥയില്‍ നല്‍കുന്ന ധനകാര്യസ്ഥാപനത്തില്‍ പഴ്സണല്‍ ലോണ്‍ സെക്ഷനിലായിരുന്നു ജോലി. 2018 മാര്‍ച്ച്‌ 25-നാണ് സൂരജ് ഉത്രയെ വിവാഹംചെയ്തത്. ഇതിന് ശേഷം കൊടിയ പീഡനങ്ങളാണ് വീട്ടിലുണ്ടായത്.

വിവാഹത്തിനുമുമ്പു തന്നെ സൂരജിന്റെ വീടു നന്നാക്കാനും കടംതീര്‍ക്കാനും അച്ഛന് ഓട്ടോ വാങ്ങാനുമായി ഉത്രയുടെ പിതാവ് വിജയസേനന്‍ ലക്ഷക്കണക്കിന് രൂപ നല്‍കിയിരുന്നു. ഏറത്ത് റബ്ബര്‍ക്കട നടത്തുകയാണ് വിജയസേനന്‍. ഉത്രയുടെ അമ്മ മണിമേഖല ആയൂര്‍ ജവാഹര്‍ എല്‍.പി.എസ്. അദ്ധ്യാപികയായിരുന്നു. സാധാരണ കുടുംബത്തില്‍പ്പെട്ട സൂരജിന് ഉത്രയുമായുള്ള വിവാഹാലോചന സങ്കല്പിക്കാവുന്നതിനും അപ്പുറമായിരുന്നു. വിവാഹത്തിന് 96 പവന്‍ സ്വര്‍ണവും പണവും വേറെ. നാലേക്കറോളം സ്ഥലം നല്‍കാമെന്നും പറഞ്ഞിരുന്നു. സൂരജ് മോഹിച്ച കാര്‍ തന്നെ ഉത്രയുടെ വീട്ടുകാര്‍ വാങ്ങിനല്‍കി.

ഇടയ്ക്ക് ഉത്ര വീട്ടുകാരെ വിളിച്ച്‌ ഫ്രിഡ്ജും വാഷിങ് മെഷീനും മറ്റും വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടു. മകന്‍ ധ്രുവിന് നൂലുകെട്ട് ചടങ്ങില്‍ 12 പവനോളം ആഭരണങ്ങളും കിട്ടി. മാസംതോറും പണവും വാങ്ങിയിരുന്നു. സൂരജിന്റെ സഹോദരിക്ക് കോളേജില്‍ പോകാന്‍ സ്‌കൂട്ടര്‍ വാങ്ങിനല്‍കണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് ഉത്രയെ കൊലപ്പെടുത്തി സ്വത്ത് സ്വന്തമാക്കാനുള്ള ആലോചന തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് വീട്ടുകാര്‍ക്കുള്ള പങ്ക് പൊലീസ് സംശയിക്കുന്നത്. വിദഗ്ധമായി കൊലപ്പെടുത്താനുള്ള തന്ത്രങ്ങള്‍ യൂട്യൂബില്‍ പരതിയ സൂരജ് ചെന്നെത്തിയത് വിഷപ്പാമ്ബുകളുടെ ലോകത്തേക്കാണ്. മണിക്കൂറുകളോളം ഇതിനുവേണ്ടി സൂരജ് ദിവസവും ചെലവഴിച്ചിരുന്നതായി അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു. പാമ്ബുപിടിത്തക്കാരനായ സുരേഷിനെപ്പറ്റി അറിഞ്ഞ സൂരജ്, പാരിപ്പള്ളിയിലെത്തി അയാളെ കണ്ടു.

രണ്ടുതവണയും സൂരജിന് പാമ്പിനെ നല്‍കിയത് സുരേഷാണ്. പ്രതിഫലമായി 15,000 രൂപയും കൈപ്പറ്റി. സൂരജിന്റെ പറക്കോട്ടുള്ള വീട്ടിലും ഉത്രയുടെ വീട്ടിലും ഇയാളാണ് പാമ്പുകളെ എത്തിച്ചത്. ഇതെല്ലാം വീട്ടുകാര്‍ക്കും അറിയാമായിരുന്നു. ഉത്രയുടെ മൃതദേഹത്തിനുമുന്നില്‍ അലറിക്കരയുന്ന സൂരജിനെയും സഹോദരിയെയും ആശ്വസിപ്പിക്കാന്‍ പാടുപെട്ടിരുന്നതായി ഉത്രയുടെ ബന്ധുക്കള്‍ പറയുന്നു. സൂരജിന്റെ ദുഃഖം നാട്ടുകാരെയും ഏറെ വേദനിപ്പിച്ചിരുന്നു. ഈ കരച്ചില്‍ കള്ളമായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിയുന്നത്.

Related posts

Leave a Comment