വിവാഹം ആലോചിച്ച്‌ നടി ഷംന കാസിമിനെ പറ്റിച്ച സംഘം വീണ്ടും തട്ടിപ്പ് കേസില്‍ പിടിയില്‍

കൊച്ചി: നടി ഷംന കാസിമിന് വിവാഹം ആലോചിച്ചു എത്തി പണം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ട സംഘം വേട്ടയാടല്‍ തുടരുന്നു.

വിവരങ്ങള്‍ അന്വേഷിച്ച്‌ ആളെ കുറിച്ച്‌ പഠിച്ച ശേഷമാണ് കെണി ഒരുക്കുന്നത്. സെലബ്രിറ്റികളെ ബ്ലാക്മെയില്‍ ചെയ്തു പണം തട്ടിയതിന് ശേഷം
സംഘം മറ്റൊരു തട്ടിപ്പ് കേസില്‍ കൂടി പിടിയില്‍. കാശുള്ള വീട്ടമ്മമാരാണ് ഇവരുടെ പുതിയ ലക്ഷ്യം. തൃശൂര്‍ കയ്പ മംഗലത്ത് വീട്ടമ്മയെ കബളിപ്പിച്ച്‌ 65 പവനും 4 ലക്ഷവും കവര്‍ന്ന കേസിലാണ് സംഘം പിടിയിലായത്. കയ്പമംഗലം സ്വദേശി അബ്ദുള്‍ സലാം, അഷ്റഫ്, വാടാനിപ്പിള്ളി സ്വദേശി റഫീഖ് എന്നിവരാണ് സംഭവത്തില്‍ പിടിയിലായത്.

വിവിധ നമ്ബറുകളില്‍ നിന്ന് വീട്ടമ്മമാരുടെ മൊബൈല്‍ നമ്ബറിലേക്ക് ഈ സംഘം മിസ്ഡ് കോള്‍ അടിക്കുന്നു. ശേഷം സ്ത്രീകള്‍ തിരിച്ചു വിളിക്കുന്ന സമയത്ത് ഉന്നതരാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തും. ഇതിനു ശേഷം വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിക്കുന്നു. ബന്ധം വളരുന്നതോടെ വീട്ടമ്മമാരില്‍ നിന്നും പല ആവശ്യത്തിനായി പണവും സ്വര്‍ണവും കൈക്കലാക്കുന്നു. ശേഷം ഈ സ്ത്രീകളുമായുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിക്കുന്നു. ഇത്തരത്തില്‍ തട്ടിപ്പിനിരയായ കയ്പമംഗലം സ്വദേശിയായ വീട്ടമ്മ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സമാനമായി തട്ടിപ്പിനിരായ പലരും നാണക്കേട് ഭയന്ന് പരാതി നല്‍കിയിരുന്നില്ല.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘത്തിലുള്‍പ്പെട്ടവരാണ് പിടിയിലായവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്. വിവാഹആലോചന നടത്തിയായിരുന്നു സംഘം ഷംനയെയും കുടുംബത്തെയും കബളിപ്പിക്കാന്‍ ശ്രമിച്ചത്. വരന്റെ വീട്ടുകാരെന്ന പേരിലെത്തിയ പ്രതികള്‍ നടിയുടെ വീട്ടുകാരുമായി വിവാഹത്തിന് ധാരണയിലെത്തി. ഇതിനിടയില്‍ വരനെന്ന് പറഞ്ഞ് വിളിക്കുന്ന യുവാവ് ഷംനയോട് ഒരു ലക്ഷം രൂപ പണം ആവശ്യപ്പെട്ടു. നടി ഇത് നിരസിക്കുകയും അമ്മയെ അറിയിക്കുകയും ചെയ്തതോടെയാണ് തട്ടിപ്പ് മനസ്സിലായതും കേസായതും.

ഷംനയെയും കുടുംബത്തെയും ഇവര്‍ സമീപിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയുമായിട്ടായിരുന്നു. കാസര്‍കോട്ടെ ടിക്ക് ടോക്ക് താരത്തിന്റെ ചിത്രവും ഇതിനായി ഉപയോഗിച്ചു. നടിയില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപയാണ് പ്രതികള്‍ ലക്ഷ്യമിട്ടത്. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാന്‍ ആയിരുന്നു പദ്ധതി. പ്രതി ഷംനയെ വിളിച്ചത് അന്‍വര്‍ എന്ന പേരിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്. ഇയാള്‍ രണ്ട് കുട്ടികളുടെ അച്ഛന്‍ ആയിരുന്നു.

മാന്യത നടിച്ചാണ് തട്ടിപ്പുകാര്‍ ഇടപെട്ടതെന്ന് ഷംന പ്രതികരിക്കുന്നത്. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാല്‍ ആദ്യം സംശയിച്ചില്ല. എന്നാല്‍ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നി. ദുബായില്‍ സ്വര്‍ണ്ണക്കടയുണ്ടെന്ന് പ്രതികള്‍ പറഞ്ഞു. വീഡിയോ കോള്‍ വിളിക്കാന്‍ ഷംന ആവശ്യപ്പെട്ടതോടെ പ്രതി ഫോണ്‍ സ്വിച്ച്‌ ഓഫ് ആക്കി. പിന്നീടാണ് ഭീഷണി തുടങ്ങിയത്.

തൃശൂരില്‍നിന്നു വന്ന വിവാഹാലോചനയില്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ ഇവര്‍ പിതാവുമായും സഹോദരനുമായും ബന്ധപ്പെട്ടിരുന്നു. ഒന്നു രണ്ടു തവണ വരനായി എത്തിയ ആളോട് ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഈ സമയംകൊണ്ട് വീട്ടുകാരുമായി ഇവര്‍ അടുപ്പമുണ്ടാക്കി. പാണക്കാട് തങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള വിവാഹാലോചന ആണെന്നാണ് വീട്ടുകാരെ ആദ്യം ധരിപ്പിച്ചത്. വരന്റെ നിരവധി ഫോട്ടോകളും ഷംനയ്ക്ക് കൈമാറിയിരുന്നു.

സുമുഖനായ ഒരു ടിക്ടോക് താരത്തിന്റെ ഫോട്ടോകളാണ് കൈമാറിയിരുന്നത്. വമ്ബന്‍ മാളികകളും നിരവധി വാഹനങ്ങളും സ്വന്തമായുള്ള കോഴിക്കോട് സ്വദേശിയായ ബിസിനസുകാരനാണ് പയ്യനെന്നും ഇവര്‍ വിശ്വസിപ്പിച്ചു. വരന്റെ വാപ്പയാണെന്നും ഉമ്മയാണെന്നും സഹോദരിയാണെന്നും വിശ്വസിപ്പിച്ച്‌ പലരും ദിവസേന വീട്ടുകാരെയും ഷംനയെയും വിളിക്കാറുണ്ടായിരുന്നു. വരന്‍ നേരിട്ട് എറണാകുളത്തെ വീട്ടിലെത്തി ഷംനയെ കാണുമെന്ന് അറിയിച്ചു. എന്നാല്‍ അന്ന് രാവിലെ ഒരു ബന്ധു മരിച്ചതിനാല്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ചു. പകരം ബന്ധുക്കള്‍ വരുമെന്ന് പറഞ്ഞു.

വൈകിട്ട് ബന്ധുക്കള്‍ എന്ന് പറഞ്ഞെത്തിയവരോട് വരന്‍ വീഡിയോ കോളില്‍ വരണമെന്ന് ഷംന ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്നതോടെ വീട്ടുകാര്‍ക്ക് സംശയമായി. അമ്മ റൗലബി ദേഷ്യപ്പെട്ട് സംസാരിച്ചതോടെ തട്ടിപ്പ് സംഘം സ്ഥലം വിട്ടു. അതിന് ശേഷമാണ് ഷംന കാസിമിനെ വിളിച്ച്‌ സംഘത്തിലെ ഒരാള്‍ പണം ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും നല്‍കി. തുടര്‍ന്നാണ് ഷംനയുടെ മാതാവ് റൗലബി പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പാണക്കാട് തങ്ങളുടെ കുടുംബത്തില്‍ ഇങ്ങനെ ഒരാള്‍ ഇല്ലെന്ന് ബോധ്യമായി. പടത്തില്‍ കണ്ട ടിക് ടോക് താരത്തെയും അവസാനം കണ്ടെത്തി. പക്ഷേ അയാള്‍ ഈ കഥയൊന്നും അറിഞ്ഞിരുന്നില്ല.

വീട്ടുകാരോട് വിവരം പറഞ്ഞതിനെത്തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇതിനിടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിവാഹാലോചനയുമായി എത്തിയവര്‍ തന്റെ വീടിന്റെയും പരിസരത്തിന്റെയും ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് കണ്ടെത്തി. ഇതോടെയാണ് പരാതി നല്‍കിയത്.

Related posts

Leave a Comment