വിഴിഞ്ഞത്തേത് ആസൂത്രിതമായി നടന്ന തിരക്കഥ: സമരസമിതി

തിരുവനന്തപുരം:വിഴിഞ്ഞത്തുണ്ടായത് ആസൂത്രിതമായി നടന്ന തിരക്കഥയുടെ ഭാഗമായുള്ള കാര്യങ്ങളെന്ന് സമരസമിതി കണ്‍വീനര്‍ ഫാ.യൂജിന്‍ പെരേര.
സമാധാനമായി സമരം ചെയ്തവരെ ഒരു വിഭാഗം പ്രകോപിപ്പിച്ചു.

പ്രദേശത്തെ വാര്‍ഡ് കൗണ്‍സിലര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ സമരപന്തലില്‍വന്ന് സ്ത്രീകളെ അവഹേളിക്കുകയും അക്രമിക്കുകയും ചെയ്തു.

പലയിടത്തുനിന്ന് സമരപന്തലിലേക്ക് വന്ന വൈദികരെ വഴിയില്‍ തടഞ്ഞുവച്ച്‌ അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചു. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ വൈദികരടക്കം താഴെ വീണെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം അറസ്റ്റ് ചെയ്ത സെല്‍ട്ടന്‍ സംഘര്‍ഷ സമയത്ത് സ്ഥലത്തില്ലാത്ത ആളാണ്. ഇയാളെ കസ്റ്റഡിയിലെടുത്തതിന്‍റെ കാരണം അന്വേഷിക്കാനെത്തിയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തില്‍ പോലീസ് പ്രകോപനമുണ്ടാക്കി.

പോലീസിനു നേരെ സമരക്കാര്‍ നടത്തിയ അക്രമത്തെ ന്യായീകരിക്കുന്നില്ല. എന്നാല്‍ പോലീസ് സ്‌റ്റേഷന്‍റെ സമീപത്ത് വാഹനങ്ങള്‍ ഉള്‍പ്പെടെ തകര്‍ത്തത് ബാഹ്യശക്തികളാണ്.

അദാനിയുടെ ഏജന്‍റുമാര്‍ സമീപത്തെ കെട്ടിടങ്ങളില്‍നിന്ന് കല്ലെറിഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

പോലീസിന്‍റെ ആക്രമണത്തില്‍ വൈദികര്‍ക്കും സ്ത്രീകള്‍ക്കും സാരമായി പരിക്കേറ്റു. തുറമുഖപദ്ധതിയെ എതിര്‍ക്കുന്ന പക്ഷത്തുള്ളവര്‍ക്ക് പോലീസ് പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment